സിംഗപ്പൂരിൽ ഇന്ത്യൻ വംശജയായ സ്ത്രീയെ അധിക്ഷേപിക്കുകയും നെഞ്ചിൽ ചവിട്ടുകയും ചെയ്തതിന് ചൈനീസ് വംശജന് മൂന്ന് മാസത്തെ ജയിൽ ശിക്ഷ വിധിച്ചു. 2021 മെയ് മാസത്തിൽ ആണ് സംഭവം നടന്നത്. ചോവാ ചു കാങ്ങിലെ നോര്‍ത്ത്വാലെ കോണ്ടോമിനിയത്തിന് സമീപം ഹിന്ദോച നിത വിഷ്ണുഭായി എന്ന 56 കാരിയെ 32 കാരനായ വോങ് സിംഗ് ഫോങ് ആക്രമിക്കുകയായിരുന്നു. മാസ്ക് ശരിയായി ധരിക്കാത്തതിന്റെ പേരിലായിരുന്നു ആക്രമണം. സംഭവത്തെ തുടർന്ന് പ്രതിയുടെ ആക്രമണത്തിന് ഇരയായ സ്ത്രീക്ക് നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ ജഡ്ജി ഷൈഫുദീൻ സരുവാൻ ഉത്തരവിട്ടു.
കൂടാതെ ഇത്തരത്തിലുള്ള വംശീയവും മതപരവുമായ ശത്രുത സിംഗപ്പൂരിലെ സമൂഹത്തിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ജഡ്ജി ചൂണ്ടിക്കാട്ടി. ജനുവരിയിൽ ആരംഭിച്ച കേസിൽ 9 ദിവസത്തെ വിചാരണയ്ക്ക് ശേഷം ഇരയുടെ വംശീയ വികാരങ്ങൾ വ്രണപ്പെടുത്തിയെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് പ്രതിയെ ശിക്ഷിച്ചത്. എന്നാൽ വംശീയ അധിക്ഷേപം നടത്തിയെന്ന ആരോപണത്തെ വോങ് കോടതിയിൽ നിഷേധിച്ചു.
സംഭവത്തിന്റെ തുടക്കം ഇങ്ങനെയാണ്. വിഷ്ണുഭായ് ഒരു ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റില്‍ ജോലി ചെയ്യുകയാണ്. ഇവർ ചോവാ ചു കാങ് സ്റ്റേഡിയത്തിലേക്ക് വേഗത്തിൽ നടക്കുന്നതിനിടയിൽ ആരോ ഉച്ചത്തിൽ ശബ്ദമുയർത്തുന്നത് കേട്ടു. തുടർന്ന് ഇവർ തിരിഞ്ഞു നോക്കിയപ്പോൾ വോംഗിനെയും അവന്റെ പ്രതിശ്രുതവധു ചുവ യുന്‍ ഹാനെയും കണ്ടു. എന്നാൽ വിഷ്ണുഭായിയുടെ മാസ്ക് താഴ്ത്തി വച്ചിരിക്കുന്നതിനാൽ ദമ്പതികൾ അവരോട് മാസ്ക് കയറ്റി വെക്കാൻ പറഞ്ഞു. അന്ന് കോവിഡ് വ്യാപനത്തെ തുടർന്ന് മാസക് നിർബന്ധമാക്കിയിരുന്നെങ്കിലും വളരെ വേഗത്തിൽ നടക്കുന്നവർക്കും നടത്തം ഉൾപ്പെടെ കായികപരമായ കാര്യങ്ങളിൽ ഏർപ്പെടുന്നവർക്കും ഇതിൽ ഇളവ് നൽകിയിരുന്നു.
ഇതിനെ തുടർന്ന് താൻ വേഗത്തിൽ നടക്കുകയാണെന്നും താൻ വ്യായാമം ചെയ്യുകയും വിയർക്കുകയും ചെയ്യുന്നുണ്ടെന്ന് ആംഗ്യം കാണിച്ചുകൊണ്ട് വിഷ്ണുഭായ് ദമ്പതികളോട് വിശദീകരിച്ചു. ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടർമാരായ മാർക്കസ് ഫൂവും ജോനാഥൻ ലീയും കോടതിയിൽ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ തുടർന്ന് പ്രതി ഇവരെ വാക്കാൽ അപമാനിക്കുകയും പ്രതിശ്രുത വധുവിനോടൊപ്പം ഓടിപ്പോകുന്നതിന് മുൻപ് വോംങ് പരാതിക്കാരിയുടെ നെഞ്ചിൽ ചവിട്ടുകയും ചെയ്തു.
അതേസമയം ഈ സംഭവം തന്നെ വൈകാരികമായി ബാധിച്ചുവെന്നും തനിക്ക് സങ്കടവും ഭയവും തോന്നു എന്നും ജഡ്ജിയോട് പരാതിക്കാരിയായ വിഷ്ണുഭായ് പറഞ്ഞു. ഒരു ഇന്ത്യക്കാരിയായത് എന്റെ തെറ്റാണോ എന്നും ഇനി ഇത് ആർക്കും സംഭവിക്കരുത് എന്നും അവർ കൂട്ടിച്ചേർത്തു. ആക്രമണത്തിന് ശേഷം കണ്ടു നിന്നൊരു ദൃക്സാക്ഷിയാണ് ഇവരെ സഹായിച്ചതും ഇടതു കൈത്തണ്ടയിലെ മുറിവിൽ മരുന്ന് പുരട്ടി നൽകിയതെന്നും പരാതിക്കാരി മൊഴി നൽകിയിട്ടുണ്ട്. സംഭവ ദിവസം വൈകുന്നേരം ആണ് ഇവർ പോലീസിൽ പരാതി നൽകിയത്.
പരാതിക്കാരിയെ ചവിട്ടുന്നതായി കണ്ട ദൃക്സാക്ഷിയും കോടതിയിൽ മൊഴി നൽകി. അതേസമയം വിഷ്ണുഭായി തനിക്കും തന്റെ പ്രതിശ്രുത വധുവിനും നേരെ തുപ്പിയെന്നും അശ്ലീല പ്രയോഗങ്ങൾ നടത്തിയെന്നും പ്രതി അവകാശപ്പെട്ടു. ഇതിനെ തുടർന്നാണ് അവരെ തള്ളി മാറ്റി താൻ പ്രതികരിച്ചതെന്നും വോങ് വാദിച്ചു.