50 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ചന്ദ്രനിലേക്ക് വീണ്ടും റഷ്യന്‍ പേടകം എത്തുന്നു


മോസ്‌കോ: 50 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ചന്ദ്രനിലേക്ക് വീണ്ടും റഷ്യന്‍ പേടകം എത്തുന്നു. ഓഗസ്റ്റ് 11ന് റഷ്യയുടെ ചാന്ദ്ര ലാന്‍ഡറായ ലൂണ-25 വിക്ഷേപിക്കാനൊരുങ്ങുകയാണ്. 1976ല്‍ ലൂണ-24 വിക്ഷേപണത്തിന് ശേഷം രാജ്യം തുടര്‍ വിക്ഷേപണങ്ങള്‍ ഒന്നും തന്നെ നടത്തിയിരുന്നില്ല. മോസ്‌കോയില്‍ നിന്ന് 5550 കിലോമീറ്റര്‍ അകലെയുള്ള കിഴക്ക് വോസ്റ്റോച്നി കോസ്മോഡ്രോമില്‍ നിന്നാണ് വിക്ഷേപണം.

ഇന്ത്യയുടെ ചന്ദ്രയാന്‍ -3 ചാന്ദ്ര ലാന്‍ഡര്‍ ബഹിരാകാശത്തേക്ക് അയച്ച് നാലാഴ്ച്ചയ്ക്ക് ശേഷമാണ് റഷ്യയുടെ വിക്ഷേപണം. ഓഗസ്റ്റ് 23ന് ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ചന്ദ്രയാന്‍ 3 എത്തുമെന്നാണ് വിലയിരുത്തല്‍. കൃത്യമായ സമയമുണ്ടെങ്കിലും, വ്യത്യസ്ത ലാന്‍ഡിംഗ് ഏരിയകള്‍ ആസൂത്രണം ചെയ്തിരിക്കുന്നതിനാല്‍ രണ്ട് ദൗത്യങ്ങളും തമ്മില്‍ ഒരു ഇടപെടലും ഉണ്ടാകില്ലെന്ന് റഷ്യന്‍ ബഹിരാകാശ ഏജന്‍സി റോസ്‌കോസ്‌മോസ് ഉറപ്പുനല്‍കി.

സോയൂസ്-2 റോക്കറ്റില്‍ വിക്ഷേപണം നടത്തുന്ന ലൂണ-25നെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുക എന്നതാണ് പദ്ധതി. ചന്ദ്രന്റെ ആന്തരിക ഘടന, ജലസാന്നിദ്ധ്യം എന്നിവ സംബന്ധിച്ച ഗവേഷണമാണ് ലൂണ-25 ലക്ഷ്യമിടുന്നത്. ഒരു വര്‍ഷത്തോളം ഇത് ചന്ദ്രോപരിതലത്തില്‍ തുടരുമെന്നാണ് വിലയിരുത്തല്‍. ദൗത്യം വിജയിക്കുകയാണെങ്കില്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ശേഷം റഷ്യന്‍ മണ്ണില്‍ നിന്നുമുള്ള ആദ്യ ചാന്ദ്ര ലാന്‍ഡര്‍ എന്ന നേട്ടം ലൂണ 25 സ്വന്തമാക്കും.

ഇന്ത്യയുടെ ചാന്ദ്രദൗത്യത്തിന്റെ ഭാഗമായി കുതിക്കുന്ന ചന്ദ്രയാന്‍-3യും ദക്ഷിണധ്രുവത്തെ ലക്ഷ്യമാക്കിയാണ് കുതിക്കുന്നത്. ചന്ദ്രയാന്‍-3 ഓഗസ്റ്റ് 23നാണ് ചന്ദ്രോപരിതലത്തില്‍ ഇറങ്ങുക. എന്നാല്‍ ലൂണ-25 എന്ന് ലാന്‍ഡ് ചെയ്യുമെന്നത് സംബന്ധിച്ച പ്രഖ്യാപനങ്ങളൊന്നും റഷ്യ നടത്തിയിട്ടില്ല. ലൂണ-25 ലിഫ്റ്റ്-ഓഫിന് തയ്യാറെടുക്കുമ്പോള്‍, പ്രദേശത്ത് റോക്കറ്റ് അവശിഷ്ടങ്ങള്‍ വീഴാനുള്ള സാധ്യതയുള്ളതിനാല്‍ സമീപ ഗ്രാമത്തിലെ താമസക്കാരെ താല്‍ക്കാലികമായി ഒഴിപ്പിക്കും.