കാബൂള്‍: പത്ത് വയസിന് മുകളിലുള്ള പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകുന്നതില്‍ വിലക്കേര്‍പ്പെടുത്തി താലിബാന്‍. പത്ത് വയസിന് മുകളില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ പഠിക്കരുതെന്നാണ് താലിബാന്‍ ഭരണകൂടത്തിന്റെ പുതിയ സ്ത്രീ വിദ്യാഭ്യാസ നയം.
ഗസ്നി പ്രവിശ്യയിലെ സ്‌കൂളുകളുടെയും പരിശീലന ക്ലാസുകളുടെയും പ്രിന്‍സിപ്പല്‍മാരോട് പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കരുതെന്ന് താലിബാന്‍ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. മൂന്നാം ക്ലാസിന് മുകളിലുള്ള വിദ്യാര്‍ത്ഥിനികള്‍ സ്‌കൂളിലെത്തുകയാണെങ്കില്‍ തിരികെ വീട്ടിലേക്ക് അയയ്ക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം പ്രിന്‍സിപ്പല്‍മാരോട് നിര്‍ദ്ദേശിച്ചു. അഫ്ഗാനിസ്ഥാനില്‍ നിലവില്‍ പത്ത് വയസിന് മുകളിലുള്ള പെണ്‍കുട്ടികളെ സ്‌കൂളുകളില്‍ പ്രവേശിപ്പിക്കുന്നില്ല. അധികാരികള്‍ പ്രായത്തിന്റെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടികളെ വേര്‍തിരിച്ച് കാണുന്നുവെന്നാണ് വിമര്‍ശനം.
2021 സെപ്റ്റംബറില്‍ പെണ്‍കുട്ടികളെ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസത്തില്‍ നിന്ന് താലിബാന്‍ വിലക്കുകയും ഹൈസ്‌കൂളുകള്‍ ആണ്‍കുട്ടികള്‍ക്ക് മാത്രമായി തുറക്കാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. കഴിഞ്ഞ ഡിസംബറില്‍, കോളേജിലും യൂണിവേഴ്‌സിറ്റിയിലും പോകുന്ന സ്ത്രീകളെയും വിലക്കിയിരുന്നു. മാത്രമല്ല, ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസത്തിന് അനിശ്ചിതകാല നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തു.