ചൈനയിൽ റിക്ടർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം, നിരവധി പേർക്ക് പരിക്ക്


കിഴക്കൻ ചൈനയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഭൂചലനത്തെ തുടർന്ന് നിരവധി വീടുകൾ തകരുകയും, 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ, മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ചൈനീസ് തലസ്ഥാനമായ ബെയ്ജിംഗിൽ നിന്ന് 300 കിലോമീറ്റർ തെക്ക് സ്ഥിതി ചെയ്യുന്ന ദെഷൗ നഗരത്തിന് സമീപം പുലർച്ചെയാണ് ഭൂചലനം ഉണ്ടായത്.

ഭൂചലനവുമായി ബന്ധപ്പെട്ട വിവരങ്ങൾ ചൈന ഭൂകമ്പ നെറ്റ്‌വർക്ക് സെന്റർ പുറത്തുവിട്ടിട്ടുണ്ട്. ഭൂചലനത്തെ തുടർന്ന് 74 ഓളം വീടുകളാണ് തകർന്നിട്ടുള്ളത്. അതേസമയം, ഭൂചലനത്തെ തുടർന്ന് റെയിൽപാതകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടോ എന്ന് അധികൃതരുടെ നേതൃത്വത്തിൽ പരിശോധിച്ചുവരികയാണ്. പൈപ്പുകൾ തകരാറിലായതിനാൽ ചിലയിടങ്ങളിൽ ഗ്യാസ് വിതരണം നിർത്തിവെച്ചിട്ടുണ്ട്. ദെഷൗവിലും പരിസര പ്രദേശങ്ങളിലും ഏകദേശം 5.6 ദശലക്ഷം ആളുകളാണ് താമസിക്കുന്നത്.