Imran Khan| തോഷഖാന കേസിൽ ഇമ്രാൻ ഖാൻ കുറ്റക്കാരൻ; മൂന്ന് വർഷം തടവ് ശിക്ഷ


ഇസ്ലാമാബാദ്: തോഷഖാന റഫറൻസ് കേസിൽ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) ചെയർമാനും പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും ഇമ്രാൻ ഖാന് തിരിച്ചടി. കേസിൽ ഇമ്രാൻ ഖാൻ കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി മൂന്ന് വർഷത്തെ തടവ് ശിക്ഷ വിധിച്ചു .

തോഷഖാന കേസിലെ ഇമ്രാൻ ഖാനെതിരായ അഴിമതി ആരോപണങ്ങൾ തെളിഞ്ഞെന്ന് ഇസ്ലാമാബാദിലെ വിചാരണ കോടതി വ്യക്തമാക്കി. ഇമ്രാൻ ഖാന് ഒരു ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. 3 വർഷം ശിക്ഷിക്കപ്പെട്ടതോടെ ഇമ്രാൻ ഖാന് അ‍ഞ്ച് വർഷത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല.

പൊതു അധികാരികൾക്ക് ലഭിക്കുന്ന സമ്മാനങ്ങളും മറ്റ് വിലകൂടിയ വസ്തുക്കളും സംരക്ഷിക്കുന്ന കാബിനറ്റ് ഡിവിഷന്റെ ഭരണപരമായ അധികാരപരിധിയിലുള്ള ഒരു വകുപ്പാണ് തോഷഖാന. 1974-ൽ സ്ഥാപിതമായ ഇത് ക്യാബിനറ്റ് ഡിവിഷനിലേക്ക് ലഭിച്ച സമ്മാനങ്ങളും മറ്റ് വിലപിടിപ്പുള്ള സാമഗ്രികളും അതിന്റെ നിയമങ്ങൾ അനുസരിച്ച് പ്രഖ്യാപിക്കാൻ ഉദ്യോഗസ്ഥർ ബാധ്യസ്ഥരാണ്.

എന്നാൽ 2018 ൽ അധികാരത്തിലെത്തിയ ഇമ്രാൻഖാൻ തന്റെ ഭരണകാലത്തുടനീളം തനിക്ക് ലഭിച്ച നിരവധി സമ്മാനങ്ങളുടെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ വിസമ്മതിച്ചിരുന്നു. അങ്ങനെ ചെയ്യുന്നത് മറ്റ് രാജ്യങ്ങളുമായുള്ള ബന്ധത്തെ അപകടത്തിലാക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.

തോഷഖാന എന്ന സ്റ്റേറ്റ് ഡിപ്പോസിറ്ററിയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് തനിക്ക് ലഭിച്ച വിലകൂടിയ ഗ്രാഫ് റിസ്റ്റ് വാച്ച് ഉൾപ്പെടെയുള്ള സമ്മാനങ്ങൾ സ്വന്തം ലാഭത്തിനായി വിറ്റു എന്നാണ് ഇമ്രാൻഖാനെതിരെയുള്ള പ്രധാന ആരോപണം. ഇന്ത്യൻ എക്‌സ്‌പ്രസിന്റെ റിപ്പോർട്ട് പ്രകാരം 2022 ഓഗസ്റ്റിൽ പാക്കിസ്ഥാൻ മുസ്‌ലിം ലീഗ്-നവാസിന്റെ (പിഎംഎൽ-എൻ) നേതൃത്വത്തിലുള്ള സഖ്യ സർക്കാർ സമ്മാനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തുന്നതിൽ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് ഇമ്രാനെതിരെ കേസ് ഫയൽ ചെയ്തതോടെയാണ് തോഷഖാന വിവാദം വീണ്ടും ഉയർന്നത്.