കഴിഞ്ഞ 11 വര്‍ഷമായി ഒരു യുവതി കടുത്ത വയറുവേദന സഹിച്ച് കഴിയുകയായിരുന്നു. ഓരോ തവണയും വേദന കൂടുമ്പോഴെല്ലാം അവര്‍ വേദനസംഹാരികള്‍ കഴിക്കും. എന്നാല്‍ വയറുവേദന പരിധിവിട്ട് അസഹനീയമായി. ഇതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നു. ഡോക്ടര്‍മാരെത്തി എംആര്‍ഐ സ്‌കാന്‍ ചെയ്തു. പിന്നാലെ എത്തിയ പരിശോധനാ ഫലം കണ്ട് യുവതിയും ഡോക്ടര്‍മാരും ഉള്‍പ്പെടെ അമ്പരന്നു.
വയറിനുള്ളിലുണ്ടായിരുന്ന ഒരു സൂചിയും നൂലുമായിരുന്നു ഈ വേദനയ്ക്ക് കാരണം. നിലവില്‍ ഓപ്പറേഷന്‍ നടത്തി ഡോക്ടര്‍മാര്‍ അവ രണ്ടും നീക്കം ചെയ്തിരിക്കുകയാണ്. മരിയ അഡെര്‍ലിന്‍ഡ ഫോറിയോ എന്ന 39 കാരിയുടെ വയറ്റില്‍ നിന്നാണ് സൂചിയും നൂലും കണ്ടെത്തിയത്. ‘മിറര്‍ യുകെ’യുടെ റിപ്പോര്‍ട്ട് പ്രകാരം കൊളംബിയയിലാണ് സംഭവം.
എംആര്‍ഐ പരിശോധനയില്‍ തെളിഞ്ഞു
വയറുവേദന സാധാരണമാണെന്നാണ് ആദ്യം കരുതിയിരുന്നതെന്നും എന്നാല്‍ വേദന സഹിക്കാനാകാതെ വന്നപ്പോള്‍ ഡോക്ടറെ കാണാന്‍ പോയെന്നും മരിയ പറഞ്ഞു.എംആര്‍ഐ ഫലം പരിശോധിച്ചപ്പോള്‍ വയറ്റില്‍ സൂചിയും നൂലും കിടക്കുന്നതായി കണ്ടെത്തി.
4 കുട്ടികള്‍ ജനിച്ചതിന് ശേഷം പ്രസവം നിര്‍ത്താനുള്ള ശസ്ത്രക്രിയ ചെയ്തിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ വയറുവേദന തുടങ്ങി. തുടക്കത്തില്‍ അടുത്തുള്ള ഡോക്ടര്‍മാര്‍ വേദനസംഹാരികള്‍ നല്‍കി. എന്നാല്‍ താല്‍കാലിക ആശ്വാസം മാത്രമായിരുന്നു അത്. ചിലപ്പോള്‍ രാത്രി മുഴുവനും ഉറങ്ങാന്‍ കഴിയാത്തത്ര കഠിനമായ വയറുവേദനയുണ്ടെന്നും മരിയ പറഞ്ഞു. ഏകദേശം 11 വര്‍ഷത്തോളം വേദനയോട് പോരാടി. ഒടുവില്‍ അവര്‍ അള്‍ട്രാസൗണ്ടും എംആര്‍ഐയും ചെയ്തപ്പോഴാണ് യഥാര്‍ത്ഥ കാരണം കണ്ടെത്താനായത്.
ഫാലോപ്യന്‍ ട്യൂബ് ഓപ്പറേഷന്‍ ചെയ്തപ്പോള്‍ ഡോക്ടര്‍മാര്‍ക്ക് സംഭവിച്ച അബദ്ധമായിരുന്നു ഇത്. സൂചിയും നൂലും വയറിനുള്ളില്‍ അബദ്ധത്തില്‍ കുടുങ്ങുകയായിരുന്നു. എന്തായാലും വേദനയുടെ കാരണം നീക്കം ചെയ്തതോടെ മരിയ ഒരു സാധാരണ ജീവിതം ആസ്വദിക്കുകയാണിപ്പോള്‍.