ചൈന സൂപ്പർസോണിക് സ്പൈ ഡ്രോൺ യൂണിറ്റ് തയ്യാറാക്കുന്നു

ചൈനീസ് സൈന്യം ഉടൻ തന്നെ ശബ്‌ദത്തിന്റെ മൂന്നിരട്ടി വേഗതയിൽ സഞ്ചരിക്കുന്ന ഉയർന്ന ഉയരത്തിൽ പറക്കുന്ന സ്‌പൈ ഡ്രോണിനെ വിന്യസിക്കുമെന്ന് വാഷിംഗ്ടൺ പോസ്‌റ്റ് ചൊവ്വാഴ്‌ച റിപ്പോർട്ട് ചെയ്‌തു. യുഎസ് സൈന്യത്തിൽ നിന്നും ചോർന്ന ഒരു റിപ്പോർട്ടിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. നാഷണൽ ജിയോസ്‌പേഷ്യൽ-ഇന്റലിജൻസ് ഏജൻസിയുടെ രഹസ്യ രേഖയാണ് പത്രം ഉദ്ധരിച്ചത്.

റോയിറ്റേഴ്‌സിന് സ്വതന്ത്രമായി സ്ഥിരീകരിക്കാൻ കഴിയാത്ത രേഖയിൽ, ഷാങ്ഹായിൽ നിന്ന് ഏകദേശം 350 മൈൽ (560 കിലോമീറ്റർ) ഉള്ളിൽ കിഴക്കൻ ചൈനയിലെ ഒരു എയർ ബേസിൽ രണ്ട് WZ-8 റോക്കറ്റ് പ്രൊപ്പൽഡ് രഹസ്യാന്വേഷണ ഡ്രോണുകൾ കാണിക്കുന്ന ആഗസ്‌റ്റ് 9-ലെ ഉപഗ്രഹ ചിത്രങ്ങളും ഉൾക്കൊള്ളുന്നു.

ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി (പി‌എൽ‌എ) തങ്ങളുടെ ആദ്യത്തെ ആളില്ലാ വിമാന യൂണിറ്റ് തായ്‌വാനിൽ ചൈനയുടെ പരമാധികാര അവകാശവാദങ്ങൾ നടപ്പിലാക്കുന്നതിന് ഉത്തരവാദികളായ ഈസ്‌റ്റേൺ തിയറ്റർ കമാൻഡിന് കീഴിലുള്ള ബേസിൽ “ഏതാണ്ട് ഉറപ്പായും” സ്ഥാപിച്ചിട്ടുണ്ടെന്ന് യുഎസ് വിശകലനം ചെയ്‌തതായി പത്രം റിപ്പോർട്ട് ചെയ്യുന്നു.

എന്നാൽ ഇതിനോട് പ്രതികരിക്കാൻ യുഎസ് പ്രതിരോധ വകുപ്പ് തയ്യാറായിട്ടില്ല. പ്രതികരണത്തിനായി ചൈനീസ് സർക്കാരിനെ ബന്ധപ്പെടാനും കഴിഞ്ഞിട്ടില്ല. കഴിഞ്ഞയാഴ്‌ച അറസ്‌റ്റിലായ മസാച്യുസെറ്റ്‌സ് എയർ നാഷണൽ ഗാർഡിലെ ഒരു അംഗം, ഡിസ്‌കോർഡ് മെസേജിംഗ് ആപ്പിൽ പോസ്റ്റ് ചെയ്‌ത ക്ലാസിഫൈഡ് ഫയലുകളുടെ ഒരു കൂട്ടം ചിത്രങ്ങളിൽ നിന്നാണ് പദ്ധതിയുടെ വിലയിരുത്തൽ ലഭിച്ചതെന്ന് വാഷിംഗ്ടൺ പോസ്‌റ്റ് പറഞ്ഞു.

ലോകമെമ്പാടുമുള്ള സഖ്യകക്ഷികൾക്ക് ഇടയിൽ വാഷിംഗ്ടണിനെ നാണംകെടുത്തി കൊണ്ട് രഹസ്യ രേഖകൾ ഓൺലൈനിൽ ചോർന്നതിന്റെ പേരിൽ യുഎസ് എയർ നാഷണൽ ഗാർഡിലെ അംഗമായ 21 കാരനായ ജാക്ക് ഡഗ്ലസ് ടെയ്‌സെയ്‌റയെ എഫ്ബിഐ വ്യാഴാഴ്‌ച അറസ്‌റ്റ് ചെയ്‌തിരുന്നു.

ഡാറ്റ ചോർച്ച ഈ മാസം ആദ്യമാണ് ലോകമറിഞ്ഞത്. സഖ്യകക്ഷികളുടെ മേൽ നടത്തുന്ന ചാരവൃത്തിയും യുക്രേനിയൻ സൈനിക ബലഹീനതകളും വെളിപ്പെടുത്തിക്കൊണ്ട് ഈ സംഭവം യുഎസിനെ നാണംകെടുത്തിയിരുന്നു.

തായ്‌വാൻ പ്രസിഡന്റ് സായ് ഇംഗ്-വെൻ അടുത്തിടെ യുഎസ് ഹൗസ് ഓഫ് റെപ്രസന്റേറ്റീവ് കെവിൻ മക്കാർത്തിയുമായി നടത്തിയ കൂടിക്കാഴ്‌ച ബീജിംഗിനെ അസ്വസ്ഥമാക്കിയിരുന്നു. ജനാധിപത്യപരമായി ഭരിക്കുന്ന തായ്‌വാൻ തങ്ങളുടെ പ്രവിശ്യകളിലൊന്നാണെന്ന് അവകാശപ്പെടുന്ന ചൈന, അമേരിക്കയുമായുള്ള ബന്ധത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും സെൻസിറ്റീവായതുമായ വിഷയമാണ് തായ്‌വാൻ എന്നാണ് പറയുന്നത്. എന്നാൽ ബീജിംഗിന്റെ പരമാധികാര അവകാശവാദങ്ങൾ തായ്‌വാൻ സർക്കാർ തള്ളിയിരുന്നു.