ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിനു മുന്നിൽ കഴിഞ്ഞ മാസം നടന്ന ഖാലിസ്ഥാൻ അനുകൂല പ്രതിഷേധങ്ങളുടെ സംഭവം ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഏറ്റെടുത്തേക്കും. നേരത്തെ ഡൽഹി പോലീസിന്റെ പ്രത്യേക സെല്ലിന് കീഴിലായിരുന്ന അന്വേഷണം ഏറ്റെടുക്കാൻ ആഭ്യന്തര മന്ത്രാലയം എൻഐഎയോട് നിർദ്ദേശിച്ചു.
കേസിൽ രജിസ്റ്റർ ചെയ്ത എഫ്ഐആറിന്റെ ഔദ്യോഗിക പകർപ്പ് തങ്ങൾക്ക് നൽകാനും എൻഐഎ സ്പെഷ്യൽ സെല്ലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ലണ്ടനിൽ അടുത്തിടെയുണ്ടായ അക്രമാസക്തമായ ഏറ്റുമുട്ടലിനെക്കുറിച്ച് ആഭ്യന്തര മന്ത്രാലയം യുകെ സർക്കാരുമായി സംസാരിച്ചു. അഞ്ചാമത് ഇന്ത്യ-യുകെ ആഭ്യന്തര സംവാദത്തിൽ ഖാലിസ്ഥാനി പ്രവർത്തനങ്ങളും പ്രതിഷേധങ്ങളും ഇരു രാജ്യങ്ങളും തമ്മിൽ ചർച്ച ചെയ്തായാണ് വിവരം.
ന്യൂഡൽഹിയിൽ നടന്ന സംഭാഷണത്തിന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ലയും യുകെ പ്രതിനിധി സംഘത്തെ ഹോം ഓഫീസിലെ സ്ഥിരം സെക്രട്ടറി സർ മാത്യു റൈക്രോഫ്റ്റും നയിച്ചു. തങ്ങളുടെ രാജ്യത്ത് നടക്കുന്ന ഖാലിസ്ഥാന്റെ പ്രവർത്തനങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും പ്രതികൾക്കെതിരെ നടപടിയെടുക്കണമെന്നും കൂടിക്കാഴ്ചയിൽ ബ്രിട്ടനോട് ഇന്ത്യ ആവശ്യപ്പെട്ടു.
ഖാലിസ്ഥാനി പ്രവർത്തകർ ഇന്ത്യയിൽ തീവ്രവാദ പ്രവർത്തനങ്ങൾക്ക് പദ്ധതിയിടുന്നതായും ഇന്ത്യ പറഞ്ഞു. കൂടിക്കാഴ്ചയിൽ, തീവ്രവാദത്തിനെതിരെയുള്ള സഹകരണം, സൈബർ സുരക്ഷ, ആഗോള വിതരണ ശൃംഖല, മയക്കുമരുന്ന് കടത്ത്, കുടിയേറ്റം, യുകെയിലെ ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയിൽ സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള അവസരങ്ങൾ ഇരുപക്ഷവും അവലോകനം ചെയ്തു.
ഇന്ത്യയിലെ തീവ്രവാദ പ്രവർത്തനങ്ങളെ സഹായിക്കാനും പ്രോത്സാഹിപ്പിക്കാനും ഖാലിസ്ഥാൻ അനുകൂല ഘടകങ്ങൾ യുകെ അഭയ പദവി ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ ഇന്ത്യൻ പക്ഷം പ്രത്യേകിച്ചും അറിയിച്ചു. ഏപ്രിൽ 13ന് പ്രധാനമന്ത്രി ഋഷി സുനകുമായി നരേന്ദ്ര മോദി നടത്തിയ ടെലിഫോണിൽ സംഭാഷണത്തിൽ യുകെയിലെ ഇന്ത്യൻ നയതന്ത്ര സ്ഥാപനങ്ങളുടെ സുരക്ഷയുടെ വിഷയം ഉന്നയിക്കുകയും ഇന്ത്യാ വിരുദ്ധ ഘടകങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു.