ജർമ്മനി ആണവ നിലയങ്ങളുടെ പ്രവർത്തനം അവസാനിപ്പിച്ചു. യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലും, ഊർജ്ജ പ്രതിസന്ധി നേരിടുന്നതിനിടെയുമാണ് ആണവ നിലയങ്ങളുടെ പ്രവർത്തനം അവസാനിപ്പിച്ചത്. റിപ്പോർട്ടുകൾ പ്രകാരം, രാജ്യത്ത് പ്രവർത്തിച്ചിരുന്ന മൂന്ന് റിയാക്ടറുകളാണ് പ്രവർത്തനരഹിതമായത്. ഇതോടെ, ആണവോർജ്ജമുക്ത രാജ്യമായി ജർമ്മനി മാറിയിരിക്കുകയാണ്.
മറ്റ് യൂറോപ്യൻ രാജ്യങ്ങൾ ആണവ നിലയങ്ങളിൽ നിക്ഷേപം ഉയർത്തുന്ന സാഹചര്യത്തിലാണ് ജർമ്മനി പ്രവർത്തനം അവസാനിപ്പിക്കുന്നത്. 2002-ൽ തന്നെ ആണവ നിലയങ്ങൾ ഉപേക്ഷിക്കാനുള്ള ശ്രമം ജർമ്മനി നടത്തുന്നുണ്ട്. 2011- ൽ ജപ്പാനിൽ നടന്ന ഷുകുഷിമ നിലയത്തിൽ ഉണ്ടായ ദുരന്തം തുടർനടപടികളുടെ ആക്കം കൂട്ടുകയായിരുന്നു.
ആണവ നിലയങ്ങളുടെ പ്രവർത്തനം പൂർണമായും അവസാനിപ്പിക്കാൻ 2022- ലാണ് പദ്ധതിയിട്ടിരുന്നത്. എന്നാൽ, യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ തീരുമാനം നീട്ടുകയായിരുന്നു. ആണവ നിലയങ്ങളുടെ പ്രവർത്തനം അവസാനിപ്പിച്ച സാഹചര്യത്തിൽ ഗ്രീൻപീസ് അടക്കമുള്ള ആണവ വിരുദ്ധ സംഘടനകൾ വലിയ ആഘോഷമാണ് നടത്തിയത്.