കിഷിദയ്‌ക്കെതിരായ ആക്രമണത്തില്‍ അപലപിച്ച് മോദി

ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദയ്‌ക്കെതിരായ ആക്രമണത്തില്‍ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്ദേഹം സുരക്ഷിതനാണെന്ന് അറിഞ്ഞതില്‍ ആശ്വാസമെന്നും മോദി ട്വിറ്ററില്‍ കുറിച്ചു. ജപ്പാനിലെ വാകയാമയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ കിഷിദയ്ക്ക് നേരെ അക്രമിയെറിഞ്ഞ സ്‌ഫോടക വസ്തു പൊട്ടിത്തെറിക്കുകയായിരുന്നു.

”എന്റെ സുഹൃത്ത് ഫുമിയോ കിഷിദ പങ്കെടുത്ത ജപ്പാനിലെ വാകയാമയിലെ പൊതുയോഗത്തിലുണ്ടായ ആക്രമണത്തെക്കുറിച്ച് അറിഞ്ഞു. അദ്ദേഹം സുരക്ഷിതനാണെന്ന് അറിഞ്ഞതില്‍ ആശ്വാസം. അദ്ദേഹത്തിന്റെ ആരോഗ്യം മികച്ചരീതിയില്‍ തുടരട്ടെയെന്ന് പ്രാര്‍ഥിക്കുന്നു. എല്ലാത്തരത്തിലുമുള്ള ആക്രമണങ്ങളെ ഇന്ത്യ അപലപിക്കുന്നു” – നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.

വാകയാമ നഗരത്തില്‍ കിഷിദ തന്റെ പ്രസംഗം ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് വലിയ സ്ഫോടന ശബ്ദം കേട്ടതെന്നും നേതാവിന് നേരെ സ്‌മോക് / പൈപ്പ് ബോംബ് എറിഞ്ഞെന്നുമാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പിന്നാലെ അദ്ദേഹത്തെ സാഹസികമായി രക്ഷപ്പെടുത്തി.

പബ്ലിക് ബ്രോഡ്കാസ്റ്ററായ എന്‍എച്ച്‌കെയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, പ്രദേശത്ത് സ്‌ഫോടനത്തിന് സമാനമായ ശബ്ദം ഉണ്ടായിരുന്നു. സംഭവസ്ഥലത്ത് നിന്നും കിഷിദയെ രക്ഷപ്പെടുത്തിയെന്നും അദ്ദേഹത്തിന് പരിക്കേറ്റിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്. പടിഞ്ഞാറന്‍ ജാപ്പനീസ് നഗരത്തിലെ ഒരു മത്സ്യബന്ധന തുറമുഖം പരിശോധിച്ചതിന് ശേഷം കിഷിദ തന്റെ പ്രസംഗം ആരംഭിക്കാന്‍ പോകുന്നതിനിടെയാണ് സംഭവമെന്നും എന്‍എച്ച്‌കെ പറയുന്നു.

വകയാമ നമ്പര്‍ 1 ജില്ലയിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക പ്രചാരണത്തിന്റെ ഭാഗമായായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കിഷിദയുടെ പരിപാടികള്‍ റദ്ദാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ ഉപരിസഭ തിരഞ്ഞെടുപ്പിന് മുമ്പുള്ള പ്രസംഗത്തിനിടെ വെടിയേറ്റ് മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഈ സംഭവം.