ക്യാഷ് ആപ്പ് സ്ഥാപകൻ ബോബ് ലീയെ സാൻ ഫ്രാൻസിസ്‌കോയിൽ മാരകമായി കുത്തിക്കൊന്ന കേസിൽ ടെക് കൺസൾട്ടന്റ് അറസ്റ്റിൽ. വ്യാഴാഴ്ചയാണ് അറസ്റ്റ് ചെയ്യുന്നത്. നിമ മൊമെനിയെയാണ് പോലീസ് അറസ്റ്റ് ചെയ്യുന്നത്. മൊമെനിയ്ക്കും ലീയ്ക്കും മുൻപരിചയമുണ്ടെന്ന് സാൻ ഫ്രാൻസിസ്‌കോ പോലീസ് മേധാവി ബിൽ സ്‌കോട്ട് പറഞ്ഞു.
എന്നാൽ അവരുടെ ബന്ധത്തെക്കുറിച്ച് വിശദീകരിക്കാൻ പ്രതി വിസമ്മതിച്ചു. വ്യാഴാഴ്ച രാവിലെ സാൻ ഫ്രാൻസിസ്‌കോയുടെ പ്രാന്തപ്രദേശമായ എമറിവില്ലിൽ വെച്ച് മൊമെനിയെ കസ്റ്റഡിയിലെടുത്തതായും സംശയത്തിന്റെ പേരിൽ കേസെടുത്തതായും വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. ഏപ്രിൽ നാലിനാണ് സാൻഫ്രാൻസിസ്‌കോയിലെ തെരുവുകളിലൂടെ കുത്തേറ്റ നിലയിൽ ലീയെ കണ്ടെത്തുന്നത്.
43 കാരനായ ലീ പിന്നീട് ആശുപത്രിയിൽ വച്ച് മരണത്തിന് കീഴടങ്ങി. കൊലപാതകത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പങ്കുവെയ്ക്കാൻ പോലീസ് വിസമ്മതിച്ചു. മൊമെനിയുടെ ലിങ്ക്ഡ്ഇൻ പ്രൊഫൈൽ പറയുന്നത് താൻ 2005 മുതൽ ഒരു സമർപ്പിത സാങ്കേതിക പങ്കാളിയാണെന്നും 2010 ൽ എക്‌സ്പാൻഡ് ഐടി ആരംഭിച്ചെന്നുമാണ്. ക്രിമിനൽ പശ്ചാത്തലവും മൊമെനിയ്ക്കുണ്ട്.
ആൻഡ്രോയ്ഡ് (Android), ക്യാഷ് ആപ്പ് (CashApp) എന്നിവ ഡെവലപ് ചെയ്യുന്നതിൽ പ്രധാന പങ്കുവഹിച്ച അദ്ദേഹം, അതിലൂടെ സാങ്കേതിക വ്യവസായത്തിൽ ഒരു വിപ്ലവം തന്നെയാണ് സൃഷ്ടിച്ചത്. 2013-ലാണ് ക്യാഷ് ആപ്പ് എന്നറിയപ്പെടുന്ന Square Cash ആരംഭിച്ചത്. സ്‌പേസ് എക്‌സ് – SpaceX, ക്ലബ്ഹൗസ് – Clubhouse, ഫിഗ്മ – Figma തുടങ്ങിയ കമ്പനികളിൽ അദ്ദേഹത്തിന് നിക്ഷേപവുമുണ്ട്.