ഇറ്റലിയിൽ വെള്ളത്തിനടിയിൽ നിന്ന് പുരാതന ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തു.
സൗത്ത് ഇറ്റലിയിലെ കാമ്പാനിയയ്ക്ക് സമീപമുള്ള പോസുവോലി തുറമുഖത്ത് പുരാവസ്തു ഗവേഷകർ നടത്തിയ തിരച്ചിലിലാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള പുരാതന ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. അപ്രതീക്ഷിതമായി കിട്ടിയ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ കണ്ട് എല്ലാവരും അമ്പരന്നു.
കണ്ടെത്തിയ അവശിഷ്ടങ്ങൾ നബാറ്റിയൻ നാഗരികതയുമായി ബന്ധപ്പെട്ടതാണെന്ന പ്രാഥമിക നിഗമനത്തിലാണ് ഗവേഷകർ. നബാറ്റിയൻ ദേവതയായ ദസറയ്ക്ക് സമർപ്പിച്ചിരിന്നതാണ് ഈ ക്ഷേത്രം . നബാറ്റിയൻ നാഗരികതയിൽ ദസറയെ പർവതങ്ങളുടെ ദൈവം എന്നും വിളിക്കുന്നു. ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾക്കൊപ്പം, കാഴ്ചയിൽ അതിമനോഹരമായ രണ്ട് പുരാതന റോമൻ മാർബിളുകളും ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.
റോമൻ സാമ്രാജ്യത്തിന്റെ ഒരു സൗഹൃദ സാമ്രാജ്യമായിരുന്നു നബാറ്റിയൻ എന്ന് അറിയപ്പെടുന്നു. റോമൻ കാലഘട്ടത്തിൽ, നബാറ്റിയൻ സാമ്രാജ്യം യൂഫ്രട്ടീസ് നദി മുതൽ ചെങ്കടൽ വരെ വ്യാപിച്ചു കിടന്നു. അറേബ്യൻ പെനിൻസുലയിലെ മരുഭൂമിയിൽ സ്ഥിതി ചെയ്യുന്ന പെട്ര ഒരു കാലത്ത് നബാറ്റിയൻ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു. റോമൻ മെഡിറ്ററേനിയനിലെ ഏറ്റവും വലിയ വാണിജ്യ തുറമുഖമായിരുന്ന പോസുവോലി തുറമുഖം വരെ നബാറ്റിയൻ സാമ്രാജ്യം വ്യാപിച്ചു കിടന്നിരുന്നു. ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ ലഭിച്ചതിന് പിന്നാലെ കൂടുതൽ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഈ പുരാതന ഇറ്റലിയുടെ ചരിത്രത്തിന്റെ കൂടുതൽ തിരശ്ശീലകൾ തുറന്നേക്കാവുന്ന ക്ഷേത്രത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്.