റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യയുടെ ഇടപെടൽ തേടി പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കത്തെഴുതി പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കി. മെഡിക്കൽ ഉപകരണങ്ങൾ ഉൾപ്പെടെയുള്ള അധിക മാനുഷിക സഹായം അഭ്യർത്ഥിച്ചാണ് കത്തെഴുതിയിരിക്കുന്നത്. നാല് ദിവസത്തെ ഇന്ത്യാ സന്ദർശത്തിനിടെ യുക്രെയ്‌നിയൻ ഡെപ്യൂട്ടി വിദേശകാര്യമന്ത്രി എമിൻ ധപറോവ കേന്ദ്ര വിദേശകാര്യ സാംസ്‌കാരിക സഹമന്ത്രി മീനാക്ഷി ലേഖിയ്ക്കാണ് കത്ത് നൽകിയത്.
ഇരു നേതാക്കളും ഉഭയകക്ഷി, ആഗോള വിഷയങ്ങളിൽ പരസ്പര താൽപ്പര്യമുള്ള കാഴ്ചപ്പാടുകൾ കൈമാറി. യുക്രെയ്നിന് ‘വർദ്ധിപ്പിച്ച മാനുഷിക സഹായം’ ഉറപ്പ് നൽകിയിട്ടുണ്ടെന്ന് മീനാക്ഷി ലേഖി പറഞ്ഞു. യോഗത്തെ ‘ഫലപ്രദം’ എന്നാണ് ധപറോവ വിശേഷിപ്പിച്ചത്. ഇന്ത്യൻ കൗൺസിൽ ഓഫ് വേൾഡ് അഫയേഴ്സിൽ (ഐസിഡബ്ല്യുഎ) നടത്തിയ പ്രസംഗത്തിന് മുന്നോടിയായി ചൊവ്വാഴ്ചയാണ് എമിൻ ധപറോവ മീനാക്ഷി ലേഖിയെ കണ്ടത്.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ റഷ്യ-യുക്രെയ്ൻ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഇന്ത്യ സന്ദർശിക്കുന്ന ആദ്യത്തെ യുക്രേനിയൻ ഉന്നത ഉദ്യോഗസ്ഥയാണ് ധപറോവ. സെലെൻസ്‌കി ഇന്ത്യയിൽ നടക്കുന്ന ജി 20 ഉച്ചകോടിയെ അഭിസംബോധന ചെയ്യാൻ ആഗ്രഹിക്കുന്നുവെന്ന് ധപറോവ പറഞ്ഞു. ജി 20 ബാലി ഉച്ചകോടിയെ വീഡിയോ കോൺഫറൻസിലൂടെ ഉക്രേനിയൻ പ്രസിഡന്റ് അഭിസംബോധന ചെയ്തിരുന്നു.
ആഗോള നേതാവെന്ന നിലയിലും ജി 20 യുടെ നിലവിലെ അധ്യക്ഷനെന്ന നിലയിലും ഇന്ത്യക്ക് സമാധാനം കൊണ്ടുവരുന്നതിൽ വലിയ പങ്ക് വഹിക്കാനാകുമെന്നും ഇന്ത്യൻ ഉദ്യോഗസ്ഥർ ഉടൻ തന്നെ കൈവ് സന്ദർശിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി പറഞ്ഞു. യുക്രെയ്ൻ- റഷ്യ യുദ്ധം ആരംഭിച്ചതിന് ശേഷം, പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായും സെലൻസ്‌കിയുമായും നരേന്ദ്രമോദി നിരവധി തവണ സംസാരിച്ചിരുന്നു.