മ്യാൻമറിൽ പട്ടാള ഭരണത്തെ എതിർക്കുന്ന മേഖലകളിൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ നൂറിലധികം മരണം. വടക്കു പടിഞ്ഞാറൻ മേഖലയിലെ ഗ്രാമം ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ആക്രമണത്തിൽ കുട്ടികളടക്കം നൂറിലധികം പേർ കൊല്ലപ്പെട്ടു. ആക്രമണത്തിന് അരമണിക്കൂറിനുശേഷം ഒരു ഹെലികോപ്റ്റർ പ്രത്യക്ഷപ്പെട്ട് സ്ഥലത്ത് വെടിയുതിർക്കുകയും ചെയ്തു.
ചൊവ്വാഴ്ച രാവിലെ 8 മണിയോടെ 150 ഓളം വരുന്ന ജനക്കൂട്ടത്തിന് നേരെ ഒരു യുദ്ധവിമാനം നേരിട്ട് ബോംബ് വർഷിച്ചതായി ദൃക്സാക്ഷി അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു. മരിച്ചവരിൽ സ്ത്രീകളും 20 മുതൽ 30 വരെ കുട്ടികളും ഉൾപ്പെടുന്നു. കൊല്ലപ്പെട്ടവരിൽ പ്രാദേശികമായി രൂപീകരിച്ച സർക്കാർ വിരുദ്ധ സായുധ ഗ്രൂപ്പുകളുടെയും മറ്റ് പ്രതിപക്ഷ സംഘടനകളുടെയും നേതാക്കളും ഉൾപ്പെടുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
മ്യാൻമർ ഭരണകൂടം ചൊവ്വാഴ്ച രാത്രി ആക്രമണം സ്ഥിരീകരിച്ചു. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആക്രമണത്തെ ശക്തമായി അപലപിച്ചു. മ്യാൻമർ ജനതയ്ക്കെതിരായ അക്രമം അവസാനിപ്പിക്കാൻ സൈന്യത്തോടുള്ള തന്റെ ആഹ്വാനം ആവർത്തിച്ചു. ഇത്തരം അക്രമാസക്തമായ ആക്രമണങ്ങൾ രാജ്യത്തെ ‘മനുഷ്യജീവിതത്തോടുള്ള ഭരണകൂടത്തിന്റെ അവഗണനയാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് വേദാന്ത് പട്ടേൽ പറഞ്ഞു.
ആക്രമണത്തെ ‘ഭീകരസേനയുടെ ഹീനമായ പ്രവൃത്തി’ എന്ന് പ്രതിപക്ഷ നാഷണൽ യൂണിറ്റി ഗവൺമെന്റ് വിശേഷിപ്പിച്ചു, ‘നിരപരാധികളായ സിവിലിയന്മാർക്കെതിരെ അവർ വിവേചനരഹിതമായ തീവ്രശക്തി പ്രയോഗിക്കുന്നതിന്റെ മറ്റൊരു ഉദാഹരണമാണിത്, ഇത് യുദ്ധക്കുറ്റമാണ്’. ചൊവ്വാഴ്ച ഓഫീസ് ഉദ്ഘാടനം ചെയ്തു.
2021ൽ സൈന്യം അട്ടിമറിയിലൂടെ ഭരണം ഏറ്റെടുത്തതിന് പിന്നാലെയാണ് മ്യാൻമറിൽ ആഭ്യന്തര യുദ്ധം ശക്തമായത്. സൈനിക ഭരണകൂടത്തെ എതിർക്കുന്നവർക്കെതിരെ വ്യോമാക്രമണവും പതിവാണ്. ജനങ്ങൾ പട്ടാള ഭരണകൂടത്തിനെതിരെ ശക്തമായ പ്രതിരോധമാണ് നടത്തിയിരുന്നത്. ഓങ് സാൻ സൂക്കിയെ പുറത്താക്കി 2021 ലാണ് സൈന്യം അധികാരം പിടിച്ചെടുത്തത്.