ഭക്ഷണശാലകളിൽ സ്ത്രീകളെ വിലക്കി താലിബാൻ

ഭക്ഷണശാലകളിൽ ഭക്ഷണം കഴിക്കുന്നതിൽ നിന്നും സ്ത്രീകളേയും കുടുംബങ്ങളേയും വിലക്കി താലിബാൻ. അഫ്ഗാനിലെ ഹെറാത്ത് പ്രവിശ്യയിലാണ് താലിബാന്റെ പുതിയ നിയന്ത്രണം. തുറന്ന ഭക്ഷണ ശാലകൾക്ക് മാത്രമാണ് നിയന്ത്രണമുള്ളത്. മതപണ്ഡിതന്മാരിൽ നിന്നും പൊതുജനങ്ങളിൽ നിന്നുമുള്ള നിരവധി പരാതികളുടെ ഫലമായാണ് പുതിയ നീക്കമെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

ഹെറാത്തിലെ ഭക്ഷണശാലകളിൽ മാത്രമായിരിക്കും ഉണ്ടാകുകയെന്നും താലിബാൻ വക്താവ് അറിയിച്ചു. പൊതുസ്ഥലങ്ങളിൽ സ്ത്രീകളും പുരുഷന്മാരും ഒരുമിച്ചിരിക്കുന്നത് ശരിയല്ലെന്നും അതിനാൽ ഹെറാത്തിൽ ഈ നിയന്ത്രണം അത്യാവശ്യമാണെന്നും ഇസ്ലാമിക മതപണ്ഡിതന്മാരുടെ നിർദ്ദേശം അംഗീകരിച്ചുകൊണ്ടാണ് തീരുമാനമെന്നും താലിബാൻ അറിയിച്ചു.

സ്ത്രീകൾക്കും പുരുഷന്മാർക്കും ഒത്തുകൂടാൻ കഴിയുന്ന പാർക്കുകൾ പോലുള്ള ഹരിത പ്രദേശങ്ങളുള്ള റെസ്റ്റോറന്റുകളിൽ മാത്രമാണ് നിരോധനം. ‘ഇതൊരു പാർക്ക് പോലെയായിരുന്നു, പക്ഷേ അവർ അതിനെ ഒരു റെസ്റ്റോറന്റ് എന്ന് നാമകരണം ചെയ്തു, പുരുഷന്മാരും സ്ത്രീകളും ഒരുമിച്ചായിരുന്നു. ദൈവത്തിന് നന്ദി, അത് ഇപ്പോൾ ശരിയാക്കി’ ഹെറാത്തിലെ വൈസ് ആൻഡ് വെർച്യു ഡയറക്ടറേറ്റ് മേധാവി അസിസുറഹ്‌മാൻ അൽ മുഹാജിർ പറഞ്ഞു.

താലിബാൻ അഫ്ഗാനിസ്ഥാനിൽ അധികാരത്തിലേറിയ ശേഷം സ്ത്രീകളെ പൊതുസ്ഥലങ്ങളിൽനിന്ന് വിലക്കി നിരവധി ഉത്തരവുകളിറക്കിയിരുന്നു. സ്ത്രീകൾക്കുള്ള വിദ്യാഭ്യാസം നിഷേധിക്കുകയും കോളേജുകളിൽ പോകാതെ വിലക്കുകയും ചെയ്തിരുന്നു. ഇത് കൂടാതെ ഇസ്ലാമിക വസ്ത്രധാരണം നിർബന്ധമാക്കുകയും ചെയ്തിരുന്നു.