പോൺ താരത്തിന് പണം നൽകിയ കേസിൽ കോടതി കുറ്റക്കാരനെന്ന കണ്ടെത്തിയ യുഎസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ന് കീഴടങ്ങിയേക്കും. ഇന്ന് ഉച്ചകഴിഞ്ഞ് മാൻഹാട്ടൻ ക്രിമിനൽ കോടതിയിൽ ട്രംപ് എത്തുമെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ കോടതിയ്ക്ക് സമീപവും ട്രംപ് ടവറിന് മുന്നിലും ന്യൂയോർക്ക് പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
കോടതിയിൽ ഹാജരാകുന്നതിനായി ട്രംപ് ന്യൂയോർക്കിൽ എത്തിയിട്ടുണ്ട്. ട്രംപ് അനുയായികൾ ഫ്ലോറിഡ വിമാനത്താവളത്തിലും അദ്ദേഹം സഞ്ചരിച്ച വഴികളിിലും അടയാളങ്ങളും പതാകകളും വഹിച്ചുകൊണ്ട് മുദ്രാവാക്യങ്ങൾ വിളിച്ചു. ട്രംപിനെതിരേയും നിരവധി ആളുകൾ പ്രതിഷേധ മുദ്രാവാക്യ വിളികളുമായി എത്തിയിരുന്നു. അതേസമയം യുഎസിൽ ക്രിമിനൽ കുറ്റം ചുമത്തപ്പെടുന്ന ആദ്യ മുൻ പ്രസിഡന്റാണ് ട്രംപ്.
കോടതിയിലെത്തിയാൽ പതിവ് അറസ്റ്റ് നടപടിക്രമങ്ങളുടെ ഭാഗമായി അദ്ദേഹത്തിന്റെ വിരലടയാളം രേഖപ്പെടുത്തും. രേഖകളുടെ ഭാഗമാക്കാനായി ഫോട്ടോയുമെടുക്കും. എന്നാൽ, വിലങ്ങുവെക്കില്ലെന്ന് കോടതി ഉറപ്പുകൊടുത്തിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ ജോ ടകോപിന പറഞ്ഞിരുന്നു. പിന്നീട് കുറ്റപത്രം വായിച്ചുകേൾപ്പിക്കും.
പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ട്രംപിന്റെ സ്വകാര്യ അഭിഭാഷകൻ, പോൺ താരം സ്റ്റോമി ഡാനിയൽസിന് പണം നൽകിയതാണ് കേസ്. 2016ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വർഷങ്ങളോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് ന്യൂയോർക്കിൽ കുറ്റം ചുമത്തുന്നത്. ഈ പണം ബിസിനസ് ചെലവായി കാണിച്ചതാണ് കുറ്റകരമായത്.
അതേസമയം 2024-ൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായി വീണ്ടും മത്സരിക്കാൻ ശ്രമിക്കുന്ന ട്രംപ്, എല്ലാ അന്വേഷണങ്ങളെയും രാഷ്ട്രീയ പീഡനമായി മുദ്രകുത്തി. താൻ തികച്ചും നിരപരാധിയാണെന്ന് ട്രംപ് പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ വിചാരണയ്ക്കായി കീഴടങ്ങുന്നത് സംബന്ധിച്ച് ട്രംപിന്റെ അഭിഭാഷകനുമായി ബന്ധപ്പെട്ടതായി മാൻഹട്ടൻ ഡിസ്ട്രിക്ട് അറ്റോർണി ആൽവിൻ ബ്രാഗിന്റെ ഓഫീസ് പ്രസ്താവനയിലൂടെ അറിയിച്ചു.