പാക്കിസ്ഥാനിലെ കറാച്ചിയിൽ റേഷൻ വിതരണത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ചു

തെക്കൻ പാകിസ്ഥാനിലെ കറാച്ചി നഗരത്തിൽ വെള്ളിയാഴ്‌ച സൗജന്യ റേഷൻ വിതരണത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീകളും കുട്ടികളുമടക്കം 11 പേർ മരിക്കുകയും ഒട്ടേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. റേഷൻ വിതരണ കേന്ദ്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ ബോധരഹിതരായതായും പാകിസ്ഥാൻ എക്‌സ്പ്രസ് ന്യൂസ് റിപ്പോർട്ട് ചെയ്‌തു.

കറാച്ചിയിലെ SITE (സിന്ധ് ഇൻഡസ്ട്രിയൽ ട്രേഡിംഗ് എസ്‌റ്റേറ്റ്) ഏരിയയിലാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ടുകൾ. ഇന്നത്തെ തിക്കിലും തിരക്കിലും കൊല്ലപ്പെട്ടവരിൽ എട്ട് സ്ത്രീകളും മൂന്ന് കുട്ടികളും ഉൾപ്പെടുന്നുവെന്ന് ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്‌തു.

റേഷൻ വാങ്ങാൻ നിരവധി ആളുകൾ ഒരു ഇവിടെക്ക് ഒഴുകിയതിന് പിന്നാലെയാണ് അപകടം നടന്നത്. ഇത് ഒരു ചാരിറ്റി പരിപാടിയുടെ ഭാഗമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഏഴുപേരെ കറാച്ചി പോലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞയാഴ്‌ച പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ സർക്കാർ ആരംഭിച്ച സൗജന്യ മാവ് വിതരണ പരിപാടിക്കിടെ പൊട്ടിപ്പുറപ്പെട്ട സമാനമായ തിക്കിലും തിരക്കിലും പെട്ട് നാല് വയോധികർക്ക് ജീവൻ നഷ്‌ടപ്പെട്ടതിന് ദിവസങ്ങൾക്ക് ശേഷമാണ് ഏറ്റവും പുതിയ സംഭവവികാസങ്ങൾ ഉണ്ടായിരിക്കുന്നത്.

പാക്കിസ്ഥാനിലെ മറ്റ് പ്രവിശ്യകളിലെ പ്രദേശങ്ങളിലും സമീപ ആഴ്‌ചകളിൽ 11 പേർ കൊല്ലപ്പെടുകയും ഒട്ടേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്. നേരത്തെ ട്രക്കുകളിൽ നിന്നും വിതരണ കേന്ദ്രങ്ങളിൽ നിന്നും ആയിരക്കണക്കിന് ചാക്ക് ഭക്ഷ്യ വസ്‌തുക്കൾ കൊള്ളയടിച്ചതായി വാർത്താ ഏജൻസി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്‌തിരുന്നു.