ജറുസലേം: പ്രതിരോധ മന്ത്രി യോവ് ഗാലന്റിനെ പുറത്താക്കിയ നടപടിക്ക് പിന്നാലെ ഇസ്രായേലില്‍ പതിനായിരങ്ങള്‍ തെരുവിലേക്കിറങ്ങി. ജഡ്ജിമാരുടെ നിയമന രീതിയുമായി ബന്ധപ്പെട്ട് നെതന്യാഹുവിന്റെ നീക്കത്തോട് പരസ്യ പ്രതിഷേധം രേഖപ്പെടുത്തിയതോടെയാണ് ഗാലന്റിനെതിരായ നടപടിയും തുടര്‍ പ്രതിഷേധങ്ങളും. ജറുസലേമില്‍ നെതന്യാഹുവിന്റെ വസതിക്ക് സമീപം പ്രതിഷേധക്കാര്‍ സംഘടിച്ചെത്തിയതോടെ പൊലീസും സൈനികരും കൂട്ടമായി ഇറങ്ങി. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
ജഡ്ജിമാരുടെ നിയമനത്തില്‍ വരുത്താനുദ്ദേശിക്കുന്ന മാറ്റങ്ങള്‍ പിന്‍വലിക്കാന്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. രാജ്യത്തെ ജനങ്ങളെല്ലാം ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ് സര്‍ക്കാരിനെ. ഇസ്രായേല്‍ ജനതയുടെ ഐക്യത്തിന് വേണ്ടി സര്‍ക്കാര്‍ ഉത്തരവാദിത്തം നിറവേറ്റണമെന്ന് ഐസക് ഹെര്‍സോഗ് ആവശ്യപ്പെട്ടു. രാജ്യത്ത് നടക്കുന്ന സംഭവങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച ഹെര്‍സോഗ്, സര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്യണമെന്നും നിലപാട് സ്വീകരിച്ചു.