ദുബായ്: ജോലി ചെയ്യുന്ന കമ്പനിയിൽ നിന്ന് പണം കവർന്നു: ജീവനക്കാരന് ശിക്ഷ വിധിച്ച് കോടതി. യുഎഇയിൽ ജോലി ചെയ്യുന്ന കമ്പനിയിൽ നിന്ന് 4,19,000 ദിർഹം (94 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) അപഹരിച്ച പ്രവാസിയ്ക്കാണ് ശിക്ഷ ലഭിച്ചത്. ഒരു ഫുഡ് ട്രേഡിങ് കമ്പനിയിൽ പത്ത് വർഷത്തിലധികമായി ജോലി ചെയ്യുന്ന സെയിൽസ് എക്‌സിക്യൂട്ടീവാണ് പണം അപഹരിച്ചതിന് അറസ്റ്റ് ചെയ്തത്.
സാധനങ്ങൾ വിതരണം ചെയ്യുന്ന ഒരു ഉപഭോക്താവിൽ നിന്ന് സെയിൽ റെപ്രസന്റേറ്റീവ് കൈപ്പറ്റിയ പണം കമ്പനിയിൽ എത്തിക്കാതെ തട്ടിയെടുത്തുവെന്നാണ് കണ്ടെത്തിയത്. കമ്പനിയിലെ അക്കൗണ്ടന്റാണ് ക്രമക്കേട് കണ്ടെത്തിയത്. വാർഷിക കണക്കുകൾ പരിശോധിച്ചപ്പോൾ അതിൽ 4,19,000 ദിർഹത്തിന്റെ കുറവ് കണ്ടെത്തി. ഇത് വിശദമായി പരിശോധിച്ചപ്പോഴാണ് 2006 മുതൽ കമ്പനിയിൽ ജോലി ചെയ്യുന്ന ഒരു ജീവനക്കാരനാണ് പണം അപഹരിച്ചതെന്ന് കണ്ടെത്തിയത്.