ബാഗ്ദാദ് : സ്‌ഫോടകവസ്തുക്കള്‍ നിറച്ച ബെല്‍റ്റുകളും ധരിച്ച് ആക്രമണത്തിനെത്തിയ ഐ എസ് ഭീകരരെ കൊലപ്പെടുത്തി ഇറാഖി സുരക്ഷാസേന . പടിഞ്ഞാറന്‍ മരുഭൂമിയില്‍ നടന്ന സൈനിക നടപടിക്കിടെയാണ് സുരക്ഷാ സേന 22 ഐഎസ് ഭീകരരെ വധിച്ചതെന്ന് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കൊല്ലപ്പെട്ടവരെല്ലാം സ്ഫോടകവസ്തുക്കള്‍ നിറച്ച ബെല്‍റ്റുകള്‍ ധരിച്ചിരുന്നതായും മരിച്ചവരില്‍ മുതിര്‍ന്ന നേതാക്കളും ഉണ്ടെന്നും രാജ്യത്തെ എലൈറ്റ് കൗണ്ടര്‍ ടെററിസം സര്‍വീസ് മേധാവി ലെഫ്റ്റനന്റ് ജനറല്‍ അബ്ദുള്‍ വഹാബ് അല്‍ സെയ്ദി പറഞ്ഞു. ബര്‍സാന്‍ ഹുസൈന്‍, അല്‍ ജനൂബ്, റോക്കന്‍ ഹമീദ് അല്ലാവി തുടങ്ങി ഐ എസിന്റെ മുതിര്‍ന്ന നേതാക്കളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു . മറ്റ് 14 പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്, എന്നാല്‍ അവരുടെ പേരുകള്‍ ജനറല്‍ അബ്ദുള്‍ വഹാബ് അല്‍ സെയ്ദി വെളിപ്പെടുത്തിയിട്ടില്ല.
അല്‍ ഖൈം നഗരത്തിന്റെ തെക്ക് ഭാഗത്തുള്ള മരുഭൂമിയിലാണ് ഓപ്പറേഷന്‍ നടന്നതെന്നാണ് സൂചന . ഏറ്റുമുട്ടലിനിടെ ചില ഭീകരര്‍ സ്വയം പൊട്ടിത്തെറിച്ചതായും ജനറല്‍ അബ്ദുള്‍ വഹാബ് അല്‍ സെയ്ദി കൂട്ടിച്ചേര്‍ത്തു. പത്രസമ്മേളനത്തിന് ശേഷം പുറത്തുവിട്ട വീഡിയോയില്‍, കറുത്ത യൂണിഫോം ധരിച്ച സിടിഎസ് സൈനികര്‍ മരുഭൂമിയിലെ ഒരു ഗുഹയെ വളയുന്നതും റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകള്‍ എറിയുന്നതും ഹാന്‍ഡ് ഗ്രനേഡുകള്‍ എറിയുന്നതും റൈഫിളുകള്‍ ഉപയോഗിച്ച് ആക്രമിക്കുന്നതും കാണാം . ചില സൈനികര്‍ ഗുഹയില്‍ നിന്ന് മൃതദേഹങ്ങളും ശരീരഭാഗങ്ങളും വലിച്ചെറിയുന്നതും വീഡിയോയിലുണ്ട്.