അമേരിക്കയിലെ പ്രശസ്ത ബാങ്കായ സിലിക്കൺ വാലി ബാങ്ക് (എസ് വി ബി) തകർന്നു. 2008 നു ശേഷം അമേരിക്കയിലുണ്ടായ വലിയ ബാങ്ക് തകർച്ചയാണിത്. ഇന്ത്യയിലുൾപ്പെടെയുള്ള ബാങ്കുകൾക്ക് ധനസഹായം നൽകി വന്നിരുന്ന ബാങ്കാണിത്. ഇന്ത്യയിൽ നിന്നുള്ള 200 സ്റ്റാർട്ടപ്പുകൾ ഉൾപ്പെടെ ആയിരക്കണക്കിന് സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്തിയിട്ടുള്ള വൈ കോമ്പിനേറ്റർ എന്ന അമേരിക്കൻ ടെക്നോളജി സ്റ്റാർട്ടപ്പ് ആക്സിലറേറ്റർ, പ്രശ്നബാധിത ബാങ്കായ സിലിക്കൺ വാലി ബാങ്കുമായി (എസ്വിബി) ഒരു പരിധിവരെ ഇടപാടുകൾ ഉള്ളതാണ്.
ബാങ്കിന്റെ ഓഹരിവിലയിൽ 60% വരെ ഇടിവ് നേരിട്ടു. പരിഭ്രാന്തരായ നിക്ഷേപകർ പണം പിൻവലിക്കുകയും കൂടി ചെയ്തതോടെയാണ് ബാങ്ക് തകർന്നത്. ഇന്ത്യൻ ഓഹരിവിപണികളെയും വെള്ളിയാഴ്ച്ച ബാങ്കിന്റെ തകർച്ച ദോഷകരമായി ബാധിച്ചിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങിയതോടെ 1,00,000-ത്തിലധികം തൊഴിലാളികളെ പിരിച്ചുവിടാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. ഇതോടെ കൂടുതൽ പ്രതിസന്ധികൾ തടയാൻ ആവശ്യപ്പെട്ട് യുഎസ് ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലനും മറ്റുള്ളവർക്കും കത്തയച്ചു.
സ്റ്റാർട്ടപ്പുകളും ലക്ഷക്കണക്കിന് ആളുകളുടെ ജോലിയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം, വൈ കോമ്പിനേറ്ററിന്റെ സിഇഒയും പ്രസിഡന്റുമായ ഗാരി ടാൻ ആണ് എഴുതിയത്. 56,000-ത്തിലധികം ജീവനക്കാരെ പ്രതിനിധീകരിക്കുന്ന 1,200 സിഇഒമാരും സ്ഥാപകരും ഈ നിവേദനത്തിൽ ഇതിനോടകം ഒപ്പുവെച്ചിട്ടുണ്ട്. ‘ചെറുകിട ബിസിനസുകൾ, സ്റ്റാർട്ടപ്പുകൾ, ബാങ്കിലെ നിക്ഷേപകരായ അവരുടെ ജീവനക്കാർ എന്നിവയിൽ ഉടനടി നിർണായക സ്വാധീനം ചെലുത്താൻ ഞങ്ങൾ ആവശ്യപ്പെടുന്നു’, നിവേദനത്തിൽ പറയുന്നു.