ജനങ്ങളുടെ പ്രതീക്ഷകള്‍ തകര്‍ത്ത് അഫ്ഗാനില്‍ ഇനി ഒരിക്കലും ജനാധിപത്യ വ്യവസ്ഥ വരില്ലെന്ന പ്രഖ്യാപനവുമായി മുത്താഖി
കാബൂള്‍: ജനങ്ങളുടെ പ്രതീക്ഷകള്‍ തകര്‍ത്ത് അഫ്ഗാനില്‍ പുതിയ പ്രഖ്യാപനം. അഫ്ഗാനില്‍ ഇനി ഒരിക്കലും ജനാധിപത്യ വ്യവസ്ഥ തിരിച്ചുവരില്ലെന്ന് അഫ്ഗാനിലെ താലിബാന്‍ വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്താഖി. ബിബിസിയോട് സംസാരിക്കവേ മുത്താഖി, താലിബാന്‍ സര്‍ക്കാര്‍ തെരഞ്ഞെടുപ്പുകള്‍ ഇല്ലാത്ത സര്‍ക്കാരുകളില്‍ ഒന്നാണെന്നും വ്യക്തമാക്കി.
സ്ത്രീകള്‍ക്ക് സമൂഹത്തില്‍ തുല്യതയും മാന്യമായ ഇടവും നല്‍കുമെന്ന അവകാശവാദവുമായാണ് തീവ്രവാദി സംഘമായ താലിബാന്‍ 2021 ഓഗസ്റ്റ് 15 ന് അഫ്ഗാന്റെ ഭരണം രണ്ടാമതും കൈയാളിയത്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാറിനെതിരെ തെരുവ് യുദ്ധം നടത്തിയാണ് താലിബാന്‍ തീവ്രവാദികള്‍ അഫ്ഗാന്റെ ഭരണാധികാരം കൈയാളിയത്. സ്വയം ഭരണകൂടമെന്ന് അവകാശപ്പെട്ട ഈ തീവ്രവാദി സംഘം പിന്നീടങ്ങോട്ട് സ്ത്രീകള്‍ക്കെതിരെ നിരവധി ഫത്‌വകളാണ് പുറത്തിറക്കിയത്. അന്താരാഷ്ട്രാ വനിതാ ദിനത്തില്‍ തങ്ങള്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ക്ക് അറുതി വേണമെന്ന് ആവശ്യപ്പെട്ട് അഫ്ഗാനിസ്ഥാനില്‍ പ്രതിഷേധിച്ച സ്ത്രീകള്‍ക്ക് നേരെ വലിയ തരത്തിലുള്ള മര്‍ദ്ദന മുറകളാണ് താലിബാന്‍ അഴിച്ച് വിട്ടത്.
ദോഹ കരാറിലെ എല്ലാ കാര്യങ്ങളും തങ്ങള്‍ പാലിച്ചെന്നും ലോക രാജ്യങ്ങള്‍ അഫ്ഗാനിലെ താലിബാന്‍ സര്‍ക്കാറിനെ അംഗീകരിക്കണമെന്നും മുത്തഖി ആവശ്യപ്പെട്ടു. എന്നാല്‍, വിദ്യാഭ്യാസത്തിന് വേണ്ടി തെരുവിലിറങ്ങിയ സ്ത്രീകളെ കുറിച്ച് മുത്തഖി മൗനം പാലിച്ചു.