അബുദാബി: ഉംറ തീർഥാടനത്തിന്റെ നിരക്ക് വർദ്ധിപ്പിച്ചു. യുഎഇയിൽ നിന്നുള്ള തീർത്ഥാടകരുടെ നിരക്കിൽ 15 ശതമാനം വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്.
യുഎഇയിൽ നിന്നും ബസിൽ ഉംറയ്ക്കു പോകുന്നതിനുള്ള നിരക്ക് 1700 ദിർഹമിൽ നിന്ന് 2000 ദിർഹമായാണ് വർദ്ധിച്ചത്. വിമാനത്തിൽ 3500 ദിർഹമായിരുന്നു നേരത്തെയുണ്ടായിരുന്ന നിരക്ക്. ഇപ്പോഴത് 4000 ദിർഹമായി ഉയർന്നു. റമസാൻ അടുക്കുന്തോറും നിരക്ക് ഇനിയും വർദ്ധിച്ചേക്കുമെന്നാണ് വിവരം.
ആഴ്ചയിൽ നൂറോളം ബസുകൾ യുഎഇയിൽ നിന്ന് ഉംറ സർവീസ് നടത്തുന്നുണ്ട്. ഒരു ബസിൽ 50 പേർ അടക്കം ശരാശരി 5000 പേർ യുഎഇയിൽ നിന്ന് ഉംറയ്ക്ക് പോകുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിൽ മലയാളികൾ ഉൾപ്പെടെ വിവിധ രാജ്യക്കാരായ പ്രവാസികളും ഉൾപ്പെടുന്നുണ്ട്. വിസ, പാസ്പോർട്ട്, വാക്സിൻ എടുക്കാത്തവരാണെങ്കിൽ കോവിഡ് പിസിആർ സർട്ടിഫിക്കറ്റ്, മഞ്ഞപ്പിത്തത്തിനെതിരെയുള്ള വാക്സിൻ എടുത്ത രേഖ എന്നിവയാണ് ഉംറ തീർത്ഥാടനത്തിനായി പോകുന്നവരുടെ കൈവശം വേണ്ട രേഖകൾ. പാസ്പോർട്ടിന് 6 മാസത്തെയും യുഎഇ താമസ വിസയ്ക്ക് 3 മാസത്തെയും കാലാവധി ഉണ്ടായിരിക്കുകയും വേണം.