ഇസ്ലാമാബാദ്: മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ വസതിയ്ക്ക് മുന്‍പില്‍ വന്‍ സംഘര്‍ഷം. തോഷഖാന കേസില്‍ ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാന്‍ പോലീസ് വസതിയിലെത്തിയതോടെയാണ് സംഘര്‍ഷമുണ്ടായത്. അറസ്റ്റ് വാറണ്ടുമായി ഇസ്ലാമാബാദ് പോലീസാണ് തെഹ്രികെ ഇന്‍സാഫ് പാര്‍ട്ടി നേതാവായ ഇമ്രാന്‍ ഖാന്റെ വസതിയിലെത്തിയത്.
പാര്‍ട്ടി പ്രവര്‍ത്തകരുടെ വന്‍നിരയാണ് ലാഹോറിലെ സമാന്‍ പാര്‍ക്കിലെ വസതിയില്‍ അണിനിരന്നത്. അറസ്റ്റിന് നീക്കമുണ്ടെന്നറിഞ്ഞതിന് പിന്നാലെ പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിടാന്‍ പദ്ധതിയിടുന്നതായാണ് വിവരം. തുടര്‍ച്ചയായി വിചാരണയ്ക്ക് ഹാജരാകാത്തതിനെ തുടര്‍ന്നാണ് ഇമ്രാന്‍ ഖാനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
തിരഞ്ഞെടുപ്പ് നടപടികള്‍ വൈകിപ്പിക്കാനുള്ള രാഷ്ട്രീയ തന്ത്രമാണ് ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യുന്നതിന് പിന്നിലെന്ന് പിടിഐ സീനിയര്‍ വൈസ് പ്രസിഡന്റ് ഫവാദ് ചൗധരി നല്‍കുന്ന വിശദീകരണം. നീതിയോടുള്ള പരിഹാസമാണ് അറസ്റ്റെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്‍ പ്രധാനമന്ത്രിയെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങള്‍ സ്ഥിതിഗതികള്‍ വഷളാക്കുമെന്നും ചൗധരി ട്വിറ്ററില്‍ വ്യക്തമാക്കി. പാകിസ്ഥാനില്‍ കൂടുതല്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കരുതെന്നും വിവേകപൂര്‍വ്വം പ്രവര്‍ത്തിക്കണമെന്നും സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കുന്നതായും അദ്ദേഹം പറഞ്ഞു.
പാകിസ്ഥാനിലെ വിവിധ കോടതികളിലായി ഇമ്രാനെതിരെ നാലോളം കേസുകളാണുളളത്. അനധികൃതമായി വിദേശത്ത് നിന്ന് പണം സ്വീകരിക്കല്‍, തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കല്‍, കൊലപാതക ശ്രമം, തോഷഖാന എന്നീ കേസുകളാണ് ഇമ്രാനെതിരെ നിലവിലുള്ളത്. പ്രധാനമന്ത്രിയായിരിക്കേ രാജ്യത്തിന് ലഭിച്ച സമ്മാനങ്ങളും സംഭാവനകളും സ്വന്തം ആവശ്യത്തിന് വകമാറി ചെലവഴിച്ചെന്നതാണ് ഇമ്രാനെതിരെയുള്ള തോഷഖാന കേസ്.