റിയാദ്: കോടികളുടെ ആസ്തിയുള്ള വ്യവസായിയുടെ അനന്തരാവകാശം സംബന്ധിച്ച കേസിന്റെ പുനർവിചാരണയ്ക്ക് ഉത്തരവിട്ട് കോടതി. സൗദി അറേബ്യയിലാണ് സംഭവം. കോടിക്കണക്കിന് റിയാലിന്റെ ആസ്തിയുള്ള വ്യവസായി തന്നെ രഹസ്യമായി വിവാഹം ചെയ്തിരുന്നുവെന്ന് അവകാശപ്പെട്ട് അദ്ദേഹത്തിന്റെ മരണശേഷം രംഗത്തെത്തിയ യുവതിക്ക് അർഹമായ സ്വത്ത് കൈമാറണമെന്ന ഉത്തരവ് സൗദി സുപ്രീം കോടതി റദ്ദ് ചെയ്തു.
സ്വത്തിൽ യുവതിക്ക് അവകാശമുണ്ടെന്ന് കാണിച്ച് നേരത്തെ കീഴ്‌കോടതികൾ നൽകിയ ഉത്തരവാണ് സുപ്രീം കോടതി റദ്ദാക്കിയത്. മക്കയിലും ജിദ്ദയിലും കണ്ണായ സ്ഥലങ്ങളിൽ നിരവധി കെട്ടിടങ്ങളും ഫ്‌ളാറ്റുകളും പ്ലോട്ടുകളും 12 നഗരങ്ങളിൽ വ്യാപാര സ്ഥാപനങ്ങളും ഓഹരി നിക്ഷേപങ്ങളും വലിയ തുകയുടെ ബാങ്ക് ബാലൻസുമൊക്കെ ഉണ്ടായിരുന്ന ഒരു സ്വദേശി പൗരന്റെ മരണത്തോടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്. ജിദ്ദയിലെ വീട്ടിൽ വെച്ചാണ് വ്യവസായി ഹൃദയാഘാതം മൂലം മരണപ്പെട്ടത്. പിന്നീട് വ്യവസായി തന്നെ വിവാഹം ചെയ്തിരുന്നുവെന്ന് അവകാശപ്പെട്ട് ഇരുപത് വയസുകാരിയായ ഒരു യുവതി രംഗത്തെത്തി. വ്യവസായി ഒപ്പുവെച്ച വിവാഹ കരാറിന്റെ കോപ്പിയും വിവാഹത്തിന് സാക്ഷികളായ ഏതാനും പേരെയും ഇവർ കോടതിയിൽ ഹാജരാക്കിയിരുന്നു.
വ്യവസായിയുടെ സ്വത്തിൽ തനിക്കും അനന്തരാവകാശമുണ്ടെന്ന് കാണിച്ചാണ് ഇവർ കോടതിയെ സമീപിച്ചത്. സ്വത്തിലെ നിയമപ്രകാരമുള്ള അനന്തരാവകാശം വേണമെന്ന വാദത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു യുവതി. മരണപ്പെട്ട വ്യവസായിയുടെ മക്കൾ യുവതിയുടെ ആവശ്യം അംഗീകരിക്കാൻ തയ്യാറായില്ല. യുവതിയുടെ വാദത്തിനെതിരെ ശക്തമായ എതിർപ്പുന്നയിച്ച് ഇവർ രംഗത്തെത്തി. വർഷങ്ങൾ നീണ്ട നിയമയുദ്ധത്തിനൊടുവിൽ യുവതിയ്ക്ക് അനുകൂലമായി കോടതി വിധിയുണ്ടായി.
എന്നാൽ, കോടതിയിൽ ഹാജരാക്കിയ വിവാഹ കരാറും സാക്ഷികളും വ്യാജമാണെന്ന വാദവുമായി വ്യവസായിയുടെ മക്കൾ വീണ്ടും രംഗത്തെത്തി. ഇക്കാര്യം ചൂണ്ടിക്കാട്ടി മക്കൾ കോടതിയിൽ അപ്പീൽ നൽകുകയും ചെയ്തു. തുടർന്നാണ് കേസ് പുനർവിചാരണയ്ക്ക് ഉത്തരവിട്ടത്.