മധുര മനോഹര കാഴ്ചകൾ! ഇൻസാറ്റ് 3ഡിഎസ്-ൽ നിന്നുള്ള ഭൂമിയുടെ ആദ്യ ചിത്രങ്ങൾ പുറത്തുവിട്ടു


ബെംഗളൂരു: ഐഎസ്ആർഒ അടുത്തിടെ വിക്ഷേപിച്ച ഉപഗ്രഹമായ ഇൻസാറ്റ് 3ഡിഎസ്-ൽ നിന്നുള്ള ഭൂമിയുടെ ആദ്യ ചിത്രങ്ങൾ പുറത്തുവിട്ടു. അന്തരീക്ഷത്തിൽ നിന്നും ഭൂമിയുടെ അതിമനോഹരമായ ദൃശ്യങ്ങളാണ് ഉപഗ്രഹം പങ്കുവെച്ചിരിക്കുന്നത്. പേടകത്തിലെ 6 ചാനൽ ഇമേജർ ഉപകരണം വഴിയാണ് ഈ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ഇത്തരത്തിൽ ഭൂമിയുടെ ഉപരിതലത്തിന്റെ ചിത്രങ്ങളും വിവിധ സ്പെക്ട്രൽ ചാനലുകൾ ഉപയോഗിച്ച് പകർത്താൻ കഴിയുമെന്ന് ഐഎസ്ആർഒ അറിയിച്ചു. ഇന്ത്യയുടെ അത്യാധുനിക കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹമാണ് ഇൻസാറ്റ് 3ഡിഎസ്.

ഭൂമിയുടെ ഉപരിതല താപനില, അന്തരീക്ഷ പ്രതിഭാസങ്ങൾ, സസ്യങ്ങളുടെ ആരോഗ്യം തുടങ്ങി വിവിധ കാര്യങ്ങളെ കുറിച്ചുള്ള ആഴത്തിലുള്ള വിവരങ്ങൾ ശേഖരിക്കാൻ ഈ ഉപഗ്രഹം സഹായിക്കുമെന്ന് ഐഎസ്ആർഒ വ്യക്തമാക്കി. കാലാവസ്ഥ നിരീക്ഷണത്തിൽ കൂടുതൽ കൃത്യത ഉണ്ടാക്കാൻ ഇത്തരം സ്പെക്ട്രൽ ചാനലുകളിലൂടെ കഴിയുന്നതാണ്. പുതുതായി പുറത്തുവിട്ട ചിത്രത്തിൽ ഇന്ത്യയുടെ രൂപം കൃത്യമായി കാണാവുന്നതാണ്. ജിഎസ്എൽവിയുടെ പതിനാറാം ദൗത്യമായി 2024 ഫെബ്രുവരി 17നാണ് ഉപഗ്രഹം ശ്രീഹരിക്കോട്ടയിൽ നിന്നും വിക്ഷേപിച്ചത്.