ന്യൂഡൽഹി: ഉപഭോക്താക്കളുടെ ആവശ്യത്തിന് അനുസൃതമായ നിരവധി ഫീച്ചറുകൾ അവതരിപ്പിക്കുന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ചുരുങ്ങിയ കാലയളവിനുള്ളിൽ ഒട്ടനവധി ഫീച്ചറുകൾ ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ വാട്സ്ആപ്പിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ, മറ്റൊരു ഫീച്ചർ അവതരിപ്പിക്കുന്നതിന്റെ സൂചന നൽകിയിരിക്കുകയാണ് കമ്പനി. കോൺടാക്റ്റുകൾ ഫേവറേറ്റ് ലിസ്റ്റിൽ ഉൾപ്പെടുത്താൻ സാധിക്കുന്ന ഫീച്ചറിനാണ് രൂപം നൽകുന്നത്. ഇതുവഴി ഉപഭോക്താക്കൾക്ക് എളുപ്പത്തിലും വേഗത്തിലും കോൾ ചെയ്യാനാകും. ഫേവറേറ്റ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള നമ്പറുകളിലേക്കാണ് ഇത്തരത്തിൽ കോൾ ചെയ്യാൻ കഴിയുക.
ആദ്യ ഘട്ടത്തിൽ ആപ്പിൾ ഉപഭോക്താക്കൾക്കാണ് പുതിയ ഫീച്ചർ ലഭ്യമാക്കുന്നത്. ആപ്പിലെ കോൾ ടാബിന് മുകളിലായാണ് ഈ ഫീച്ചർ സജ്ജീകരിക്കാൻ സാധ്യത. വാട്സ്ആപ്പ് കൂടുതൽ ഉപഭോക്തൃ സൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഫീച്ചറിന് രൂപം നൽകുന്നത്. നിലവിൽ, പരീക്ഷണാടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്ക് മാത്രമായി ലഭ്യമാക്കിയിട്ടുണ്ട്. അതേസമയം, ഐഒഎസ് ഉപഭോക്താക്കൾക്ക് ആപ്പിൾ സ്റ്റിക്കറുകൾ സൃഷ്ടിക്കാനും പങ്കുവയ്ക്കാനും എഡിറ്റ് ചെയ്യാനും കഴിയുന്ന മറ്റൊരു ഫീച്ചർ പുറത്തിറക്കിയിട്ടുണ്ട്. ഇതുവഴി ഫോട്ടോകൾ സ്റ്റിക്കറുകളാക്കി മാറ്റാനോ, നിലവിലുള്ള സ്റ്റിക്കറുകൾ എഡിറ്റ് ചെയ്യാനോ കഴിയുന്നതാണ്.
Also Read: ‘ക്ഷേമപെന്‍ഷന്‍ 2000 രൂപയെങ്കിലും ആക്കണമായിരുന്നു’, സര്‍ക്കാരതിന് ശ്രമിച്ചില്ല’: മറിയക്കുട്ടി