വെബ് വേർഷനിലും ഇനി വാട്സ്ആപ്പ് സുരക്ഷിതം! ചാറ്റ് ലോക്ക് ഫീച്ചർ ഇതാ എത്തി


ഉപഭോക്താക്കളുടെ സൗകര്യാർത്ഥം നിരവധി ഫീച്ചറുകൾ അവതരിപ്പിക്കുന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. വ്യക്തിഗത ഡാറ്റയും, സ്വകാര്യതയും ഉറപ്പുവരുത്തുന്നതിനായി പുത്തൻ ഫീച്ചറുകളാണ് ഓരോ അപ്ഡേറ്റിലും ഉൾക്കൊള്ളിക്കാറുള്ളത്. ഇപ്പോഴിതാ വാട്സ്ആപ്പിന്റെ വെബ് വേർഷൻ ഉപയോഗിക്കുന്നവർക്കായി സന്തോഷവാർത്ത പങ്കുവെച്ചിരിക്കുകയാണ് കമ്പനി. വെബ് വേർഷനിലും ചാറ്റ് ലോക്ക് ഫീച്ചർ അവതരിപ്പിക്കാനാണ് കമ്പനിയുടെ നീക്കം. ഇതുവഴി ഉപഭോക്താക്കൾക്ക് രഹസ്യ ചാറ്റുകൾ വെബ് വേർഷനിൽ ഉപയോഗിക്കാനും, അവ ലോക്ക് ചെയ്ത് ഫോൾഡറിലാക്കാനും സാധിക്കും.

ഉപഭോക്താക്കളുടെ വ്യക്തിപരമായ ചാറ്റുകൾ ലോക്ക് ചെയ്ത് വെയ്ക്കാൻ സഹായിക്കുന്ന ഫീച്ചറാണ് ചാറ്റ് ലോക്ക്. മറ്റുള്ളവർക്ക് ഫോൺ കൈമാറിയാലും ലോക്ക് ചെയ്ത ചാറ്റുകൾ വായിക്കാൻ കഴിയില്ല. ചാറ്റ് ലോക്ക് ഫീച്ചർ ആക്ടിവേറ്റ് ചെയ്യുന്നതോടെ ചാറ്റുകൾ പ്രത്യേക ഫോൾഡറിലേക്ക് മാറുന്നതാണ്. ഇതിനോടൊപ്പം ചാറ്റിലെ നോട്ടിഫിക്കേഷനുകളും ഹൈഡ് ചെയ്യപ്പെടുന്നതാണ്. നിലവിൽ, വാട്സ്ആപ്പിന്റെ മൊബൈൽ വേർഷൻ ഉപയോഗിക്കുന്നവർക്ക് ചാറ്റ് ലോക്ക് ഫീച്ചർ ലഭ്യമാണ്.