ന്യൂയോർക്ക്: അത്യാധുനിക ഫീച്ചറുകൾ അടങ്ങിയ ഓഗ്മെന്റഡ് റിയാലിറ്റി ഹെഡ്സെറ്റുകൾ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങി ആഗോള ടെക് ഭീമനായ ആപ്പിൾ. വിഷൻ പ്രോ എന്ന പേരിലാണ് ഏറ്റവും പുതിയ ഹെഡ്സെറ്റ് അവതരിപ്പിക്കുന്നത്. ഫെബ്രുവരി രണ്ടിന് ഇവ അമേരിക്കൻ വിപണിയിൽ വിൽപ്പനയ്ക്ക് എത്തിയേക്കുമെന്നാണ് സൂചന. ജനുവരി 19 മുതൽ ഉപഭോക്താക്കൾക്ക് മുൻകൂട്ടി ബുക്ക് ചെയ്യാൻ കഴിയുന്നതാണ്. നിലവിൽ, 3499 ഡോളറാണ് (ഏകദേശം 2.9 ലക്ഷം രൂപ) ഈ ഹാൻഡ്സെറ്റുകളുടെ പ്രാരംഭ വില. ഇവ ഇന്ത്യ അടക്കമുള്ള മറ്റു വിപണികളിൽ ഇപ്പോൾ അവതരിപ്പിക്കും എന്നതിനെക്കുറിച്ച് കൂടുതൽ വ്യക്തത വരുത്തിയിട്ടില്ല.
ഉപഭോക്താക്കൾക്ക് മികച്ച ദൃശാനുഭവം സമ്മാനിക്കുന്നതാണ് പുതിയ ഓഗ്മെന്റഡ് റിയാലിറ്റി ഹെഡ്സെറ്റുകൾ. ഓരോ കണ്ണിനുമായി 4കെ ഡിസ്പ്ലേയാണ് ക്രമീകരിച്ചിരിക്കുന്നത്. ഓഗ്മെന്റഡ് റിയാലിറ്റിയിൽ നിന്ന് വെർച്വൽ റിയാലിറ്റിയിലേക്കും തിരിച്ചും സ്വിച്ച് ചെയ്യാൻ സാധിക്കുമെന്നതാണ് മറ്റൊരു സവിശേഷത. 256 ജിബി വരെ സ്റ്റോറേജ് ലഭ്യമാണ്. ഹെഡ്സെറ്റിനോടൊപ്പം ലൈറ്റ് സീൽ, രണ്ട് ലൈറ്റ് സീൽ കുഷ്യൻസ്, ബാറ്ററി, യുഎസ്ബി-സി ചാർജ് കേബിൾ, പോളിഷിംഗ് ക്ലോത്ത്, യുഎസ്ബി-സി പവർ അഡാപ്റ്റർ എന്നിവയും ലഭിക്കുന്നതാണ്.