ഉപഭോക്തൃ വിവരങ്ങൾ രഹസ്യമായി നിരീക്ഷിച്ച് ഗൂഗിൾ: നഷ്ടപരിഹാരം നൽകി കേസ് ഒത്തുതീർപ്പാക്കാൻ ശ്രമം


ഉപഭോക്താക്കളുടെ ഓൺലൈൻ പ്രവർത്തനങ്ങൾ രഹസ്യമായി നിരീക്ഷിച്ച ഗൂഗിളിനെതിരെ ഉയരുന്നത് ഗുരുതര ആരോപണം. ഇൻകൊഗ്നിറ്റോ മോഡിൽ സ്വകാര്യമായി വിവരങ്ങൾ തിരഞ്ഞവരെയാണ് ഗൂഗിൾ നിരീക്ഷിച്ചിരിക്കുന്നത്. ഇത്തരത്തിൽ എണ്ണമറ്റ വ്യക്തികളുടെ ഓൺലൈൻ വിവരങ്ങളാണ് ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റിന്റെ കൈകളിൽ ഉള്ളത്. പ്രശ്നം വലിയ രീതിയിൽ വഷളായതോടെ നഷ്ട പരിഹാരം നൽകി കേസ് ഒത്തുതീർപ്പാക്കാനുളള ശ്രമങ്ങൾക്ക് ഗൂഗിൾ തുടക്കമിട്ടിട്ടുണ്ട്.

2020-ലാണ് കേസിനാസ്പദമായ സംഭവം നടന്നതെങ്കിലും, വർഷങ്ങൾക്കുശേഷമാണ് ഒത്തുതീർപ്പിന് ഗൂഗിൾ തയ്യാറെടുത്തിരിക്കുന്നത്. രഹസ്യ വിവരങ്ങൾ സൂക്ഷിച്ചതിനെ തുടർന്ന് ഉപഭോക്താക്കൾ പരാതി നൽകിയിരുന്നു. 500 ഡോളറിൽ കുറയാത്ത നഷ്ടപരിഹാരമാണ് പരാതിക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. 2016 ജൂൺ 1 മുതൽ ഉള്ള വിവരങ്ങൾ ചോർത്തിയതായാണ് പരാതി. ഇതിനെതിരെ ഗൂഗിൾ കോടതിയെ സമീപിച്ചിരുന്നെങ്കിലും, കഴിഞ്ഞ വർഷം ഓഗസ്റ്റിൽ കാലിഫോർണിയിലെ ജില്ലാ കോടതി ഗൂഗിളിന്റെ അപേക്ഷ തള്ളുകയായിരുന്നു. ഈ വർഷം ഫെബ്രവരി 5-ന് ഇതുമായി ബന്ധപ്പെട്ട വിചാരണ വീണ്ടും നടക്കുന്നതാണ്.