മണിക്കൂറുകൾ നീണ്ട പണിമുടക്ക് അവസാനിച്ചു! പതിവിനെക്കാളും ശക്തനായി തിരിച്ചെത്തി എക്സ്


ന്യൂയോർക്ക്: ഉപഭോക്താക്കളുടെ മണിക്കൂറുകൾ നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ ശക്തനായി തിരിച്ചെത്തി എക്സ്. ഏറെ നേരത്തെ അനിശ്ചിതത്വത്തിന് ശേഷമാണ് എക്സ് വീണ്ടും പ്രവർത്തനക്ഷമമായത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് ലോകമെമ്പാടുമുള്ള ഉപഭോക്താക്കൾക്ക് എക്സിന്റെ സേവനം ലഭിക്കാതെയായത്. മിനിറ്റുകൾക്കുള്ളിൽ തന്നെ 70,000-ലധികം പരാതികൾ ഉയർന്നിരുന്നു. എക്സിന്റെ മൊബൈൽ ആപ്പ്, വെബ്സൈറ്റ് എന്നിവ തുറക്കുമ്പോൾ ഉപഭോക്താക്കളുടെ ഫീഡിലെ പതിവ് ട്വീറ്റുകൾക്ക് പകരമായി, ‘Welcome to your timeline’ എന്ന സന്ദേശമാണ് ദൃശ്യമായത്. പിന്നീട് മിനിറ്റുകൾക്കകം തന്നെ മറ്റ് സേവനങ്ങളും പ്രവർത്തനരഹിതമായി.

ചുരുക്കം ചില ഉപഭോക്താക്കൾക്ക് സേവനങ്ങൾ ഉപയോഗിക്കുന്നതിൽ തടസ്സം നേരിട്ടിട്ടില്ല. എന്നാൽ, ഭൂരിഭാഗം ഉപഭോക്താക്കളും പരാതി ഉന്നയിച്ചതോടെ ‘Twitter Down’ എന്ന ഹാഷ്ടാഗ് വളരെ പെട്ടെന്ന് ട്രെൻഡിംഗായി. തുടർന്ന്, സാങ്കേതിക പിഴവ് കണ്ടെത്തിയ ശേഷം എക്സിന്റെ സേവനങ്ങൾ പുനസ്ഥാപിക്കുകയായിരുന്നു. ഇതിനുമുമ്പും സമാനമായ രീതിയിൽ എക്സ് പണിമുടക്കിയിട്ടുണ്ട്. ഈ വർഷം മാർച്ച്, ജൂലൈ മാസങ്ങളിൽ എക്സ് പെട്ടെന്ന് പ്രവർത്തനരഹിതമായിട്ടുണ്ട്.