വാട്സ്ആപ്പിൽ ഇനി ഒന്നിച്ചിരുന്ന് പാട്ടും കേൾക്കാം! കിടിലൻ ഫീച്ചർ ഉടൻ എത്തിയേക്കും


ഓരോ അപ്ഡേറ്റിലും കിടിലൻ ഫീച്ചറുകൾ ഉൾക്കൊള്ളിച്ച് ഉപഭോക്താക്കളെ ഞെട്ടിക്കുന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. സംഗീതം ഇഷ്ടപ്പെടുന്നവർക്ക് ഇത്തവണ പുതിയൊരു ഫീച്ചർ അവതരിപ്പിക്കാനാണ് വാട്സ്ആപ്പിന്റെ തീരുമാനം. അതായത്, ലോകത്തിന്റെ ഏതു കോണിൽ ആയാൽ പോലും ഒന്നിലധികം ആളുകൾക്ക് ഒരുമിച്ചിരുന്ന് പാട്ടുകൾ ആസ്വദിക്കാനുള്ള അവസരമാണ് വാട്സ്ആപ്പ് ഒരുക്കുന്നത്. നിലവിൽ, വാട്സ്ആപ്പിന്റെ ആൻഡ്രോയിഡ് ബീറ്റ 2.23.26.18 വേർഷനിൽ പുതിയ ഫീച്ചർ പരീക്ഷണാടിസ്ഥാനത്തിൽ ലഭ്യമാക്കിയിട്ടുണ്ട്. ആപ്പിളിന്റെ ഷെയർ പ്ലേ ഫീച്ചറിന് സമാനമായ രീതിയിലാണ് ഇവ പ്രവർത്തിക്കുക. ഫേസ്ടൈം കോളിനിടയിൽ പാട്ടുകൾ ഒന്നിച്ചിരുന്ന് കേൾക്കാൻ സാധിക്കുന്ന ഫീച്ചറാണ് ആപ്പിളിന്റെ ഷെയർ പ്ലേ.

വീഡിയോ കോളിനിടെ ഒന്നിച്ചിരുന്ന് പാട്ട് കേൾക്കാനുള്ള സൗകര്യമാണ് വാട്സ്ആപ്പ് ഒരുക്കുന്നത്. സ്ക്രീൻ ഷെയറിംഗ് ഓപ്ഷൻ വഴിയാണ് ഇത് പ്രവർത്തിക്കുക. പലവിധ ആവശ്യങ്ങൾക്കും ഈ ഫീച്ചർ ഉപയോഗപ്പെടുത്താൻ സാധിക്കുന്നതാണ്. വിനോദത്തിനും, ജോലിയുടെ ഭാഗമായും മറ്റും ഓഡിയോ ഫയൽ ഒന്നിച്ചിരുന്ന് കേൾക്കാനും ഈ ഫീച്ചർ സഹായിക്കും. വാട്സ്ആപ്പിന്റെ ഐഒഎസ് വേർഷന് വേണ്ടി നേരത്തെ തന്നെ ഈ ഫീച്ചർ വികസിപ്പിക്കാൻ തുടങ്ങിയിരുന്നു. ഇപ്പോൾ ആൻഡ്രോയിഡിൽ പരീക്ഷിക്കുന്നതിനാണ് വാട്സ്ആപ്പ് മുൻതൂക്കം നൽകിയിരിക്കുന്നത്.