ചാറ്റ്ജിപിടിയിൽ വൻ സുരക്ഷാ വീഴ്ച! ലോഗിൻ ചെയ്ത ഇമെയിലുകൾ ചോർന്നു, മുന്നറിയിപ്പ് പാലിക്കാൻ നിർദ്ദേശം


ചാറ്റ്ജിപിടിയിൽ വൻ സുരക്ഷാ പിഴവ് കണ്ടെത്തിയതായി ഗവേഷക സംഘം. ചാറ്റ്ജിപിടിയിൽ ലോഗിൻ ചെയ്ത ഉപഭോക്താക്കളുടെ ഇമെയിൽ വിലാസമാണ് ചോർന്നിരിക്കുന്നത്. ഓപ്പൺ എഐയുടെ ചാറ്റ്ജിപിടിക്ക് ശക്തി പകരുന്ന ലാംഗ്വേജ് മോഡലായ ജിപിടി 3.5 ടർബോയിലെ സുരക്ഷാ വീഴ്ചയാണ് ഇതെന്ന് ഇൻഡ്യാന യൂണിവേഴ്സിറ്റി ബ്ലൂമിംഗ്ടണ്ണിലെ പിഎച്ച്ഡി ഗവേഷകനായ റുയി ഷുവും സംഘവും വ്യക്തമാക്കി. ന്യൂയോർക്ക് ടൈംസിലെ ഏകദേശം 80 ശതമാനത്തിലധികം ജീവനക്കാരുടെ ഇമെയിലുകൾ ചോർന്നിട്ടുണ്ടെന്നാണ് സൂചന.

വ്യക്തിവിവരങ്ങള്‍ ഓര്‍ത്തെടുക്കാനുള്ള ജിപിടി-3.5 ടര്‍ബോയുടെ കഴിവാണ് പതിവ് സുരക്ഷാ സംവിധാനങ്ങള്‍ മറികടന്ന് ഗവേഷകര്‍ ഇതിനായി പ്രയോജനപ്പെടുത്തിയത്. തുടര്‍ച്ചയായി പുതിയ വിവരങ്ങളില്‍ നിന്ന് പഠിക്കും വിധമാണ് ജിപിടി 3.5 ടര്‍ബോ, ജിപിടി 4 തുടങ്ങിയ ലാംഗ്വേജ് മോഡലുകളെ ഓപ്പണ്‍ എഐ രൂപകല്‍പന ചെയ്തിട്ടുള്ളത്. പ്രത്യേക വിഷയങ്ങളില്‍ കൃത്യമായ അറിവ് നല്‍കുന്നതിനായുള്ള മോഡലിന്റെ ഫൈന്‍ ട്യൂണിംഗ് ഇന്റര്‍ഫെയ്‌സ് മോഡലിന്റെ പ്രതിരോധ സംവിധാനങ്ങളെ ഗവേഷകർ മറ്റൊരു തരത്തിൽ ഉപയോഗിച്ചിട്ടുണ്ടെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. അതേസമയം, ഉപഭോക്താക്കളുടെ സുരക്ഷയിൽ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ഓപ്പൺഎഐ വ്യക്തമാക്കി.