സാംസംഗ് ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന സാംസംഗ് ഗ്യാലക്സി എസ്24 അൾട്ര ലോഞ്ച് ചെയ്യാൻ ഇനി ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ പ്രധാന ഫീച്ചറുകൾ ചോർന്നു. ആകർഷകമായ ക്യാമറകളും, കരുത്തുറ്റ ചിപ്സെറ്റും, വലിപ്പമേറിയ ഡിസ്പ്ലേയും നൽകുമെന്ന് നേരത്തെ തന്നെ സാംസംഗ് സൂചനകൾ നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് വിവരങ്ങൾ ചോർന്നത്. സാംസംഗ് ഗ്യാലക്സി എസ്23 ഹാൻഡ്സെറ്റിന് സമാനമായ ചില ഫീച്ചറുകൾ സാംസംഗ് ഗ്യാലക്സി എസ്24 അൾട്രയിലും ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഈ സ്മാർട്ട്ഫോണിൽ പ്രതീക്ഷിക്കാവുന്ന ഫീച്ചറുകൾ എന്തൊക്കെയെന്ന് അറിയാം.
6.8 ഇഞ്ച് ക്യുഎച്ച്ഡി+ അമോലെഡ് 2എക്സ് ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. 2,600 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ് ലഭ്യമാണെങ്കിലും, റിഫ്രഷ് റേറ്റിനെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല. മുൻപ് പുറത്തിറക്കിയ എസ്23 അൾട്രയിൽ 120 ഹെർട്സ് റിഫ്രഷ് റേറ്റാണ് നൽകിയിരുന്നത്. ക്വാൽകം സ്നാപ്ഡ്രാഗൺ 8 ജെൻ 3 പ്രോസസറാണ് കരുത്ത് പകരുക. പിന്നിൽ ക്വാഡ് ക്യാമറ സജ്ജീകരണമാണ് ഉള്ളത്. 200 മെഗാപിക്സൽ പ്രൈമറി ക്യാമറ, 50 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറ, 10 മെഗാപിക് സെൻസർ, 12 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറ എന്നിവയാണ് ഉള്ളത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനപ്പെടുത്തിയുള്ള ഫീച്ചറുകളും ക്യാമറകളിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 5000 എംഎഎച്ച് ബാറ്ററി ലൈഫ് ലഭിച്ചേക്കുമെന്നാണ് സൂചന. കൃത്യമായ വില വിവരങ്ങൾ ലഭ്യമല്ലെങ്കിലും സാംസംഗ് ഗ്യാലക്സി എസ്24 അൾട്രയ്ക്ക് 1,30,000 രൂപ മുതൽ വില പ്രതീക്ഷിക്കാവുന്നതാണ്. ആപ്പിളിന്റെ ഐഫോൺ 15 പ്രോ സീരീസിന്റെ പ്രധാന എതിരാളിയായാണ് സാംസംഗ് ഗ്യാലക്സി എസ്24 അൾട്ര വിപണിയിൽ എത്തുക.