ജിമെയിൽ അക്കൗണ്ട് വേഗം ലോഗിൻ ചെയ്തോളൂ? പണി തുടങ്ങി ഗൂഗിൾ


വർഷങ്ങളോളം ഉപയോഗിക്കാത്ത ജിമെയിൽ അക്കൗണ്ടുകൾ നീക്കം ചെയ്യാനുള്ള നടപടികൾ ഉടൻ ആരംഭിക്കാൻ ഒരുങ്ങി ഗൂഗിൾ. ഈയാഴ്ച മുതൽ തന്നെ നിഷ്ക്രിയ അക്കൗണ്ടുകൾ ഡാറ്റാ ബേസിൽ നിന്ന് നീക്കം ചെയ്യാനാണ് ഗൂഗിളിന്റെ തീരുമാനം. ഏറ്റവും ചുരുങ്ങിയത് രണ്ട് വർഷത്തോളം ഉപയോഗിക്കാത്ത അല്ലെങ്കിൽ സൈൻ ഇൻ ചെയ്യാത്ത അക്കൗണ്ടുകളാണ് പൂർണ്ണമായും നീക്കം ചെയ്യുക. 2023 മെയ് മാസം മുതൽ ഇതു സംബന്ധിച്ച മുന്നറിയിപ്പ് ഗൂഗിൾ ഉപഭോക്താക്കൾക്ക് നൽകിയിട്ടുണ്ട്. നാളെ മുതലാണ് പുതിയ മാറ്റം നടപ്പിലാക്കുക.

ജിമെയിൽ അക്കൗണ്ട് നീക്കം ചെയ്യുന്നതിനോടൊപ്പം ഡോക്സ്, ഡ്രൈവ്, ഗൂഗിൾ മീറ്റ്, കലണ്ടർ, യൂട്യൂബ് തുടങ്ങിയവയിൽ സ്റ്റോർ ചെയ്തിരിക്കുന്ന മുഴുവൻ വിവരങ്ങളും നഷ്ടമാകുന്നതാണ്. ഇതിനോടൊപ്പം നിഷ്ക്രിയ അക്കൗണ്ടുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഗൂഗിൾ ഫോട്ടോസ് മായിച്ചുകളയും. നിഷ്ക്രിയമായ അക്കൗണ്ടുകൾ ഉയർത്തുന്ന സുരക്ഷാ വെല്ലുവിളിയെ തുടർന്നാണ് ഗൂഗിളിന്റെ പുതിയ നയം.

വർഷങ്ങളോളം ഉപയോഗിക്കാതെ കിടക്കുന്ന അക്കൗണ്ടുകളിൽ ഭൂരിഭാഗവും പഴയ പാസ്‌വേഡുകളാണ് ഉപയോഗിച്ചിരിക്കാൻ സാധ്യത. കൂടാതെ, ഇത്തരം അക്കൗണ്ടുകൾ ടു ഫാക്ടർ ഒതന്റിക്കേഷനിലൂടെ കൂടുതൽ സുരക്ഷ ഉറപ്പുവരുത്താനുള്ള സാധ്യതയും കുറവാണ്. ആക്റ്റീവ് അക്കൗണ്ടുകളെ അപേക്ഷിച്ച്, ഏകദേശം പത്തിരട്ടിയിലധികം അക്കൗണ്ടുകളാണ് ടു ഫാക്ടർ ഒതന്റിക്കേഷൻ ഉപയോഗിക്കാത്തത്. അതിനാൽ, ഇത്തരം അക്കൗണ്ടുകൾ പ്രത്യേകം കണ്ടെത്തിയതിനു ശേഷം ഘട്ടം ഘട്ടമായി നീക്കം ചെയ്യുന്നതാണ്. അതേസമയം, അക്കൗണ്ട് നിലനിർത്താൻ ആഗ്രഹിക്കുന്നവർ ജിമെയിൽ ഐഡി, പാസ്‌വേഡ് എന്നിവ ഉപയോഗിച്ച് സൈൻ ഇൻ ചെയ്താൽ മതിയാകും.