വിൻഡോസ് കമ്പ്യൂട്ടറിലും ഇനി മുതൽ സാംസങ് ഇന്റർനെറ്റ് ബ്രൗസർ ഉപയോഗിക്കാം! പുതിയ അപ്ഡേഷൻ എത്തി


സാംസങ് ഇന്റർനെറ്റ് ബ്രൗസർ ഇനി മുതൽ വിൻഡോസിലും ലഭ്യം. സാംസങ് ഗാലക്സി സ്മാർട്ട്ഫോണുകളിൽ പ്രീ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ഡിഫാൾട്ട് ബ്രൗസറാണ് സാംസങ് ഇന്റർനെറ്റ്. ഈ ബ്രൗസറാണ് ഇനി മുതൽ വിൻഡോസിലും ഉപയോഗിക്കാനാവുക. ക്രോമിയം അടിസ്ഥാനമാക്കിയുള്ള ഈ വെബ് ബ്രൗസർ ഗൂഗിൾ ക്രോമിന് സമാനമായ രൂപകൽപ്പനയിലാണ് ഒരുക്കിയിട്ടുള്ളത്. ഉപഭോക്താക്കൾക്ക് വിൻഡോസ് 10, വിൻഡോസ് 11 എന്നീ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ സാംസങ് ഇന്റർനെറ്റ് ഇൻസ്റ്റാൾ ചെയ്യാൻ കഴിയുന്നതാണ്. മൈക്രോസോഫ്റ്റിൽ ഇവ ലഭ്യമാക്കിയിട്ടുണ്ട്.

X64 ബിറ്റ് കമ്പ്യൂട്ടറുകളിൽ മാത്രമാണ് സാംസങ് ഇന്റർനെറ്റ് ബ്രൗസർ പ്രവർത്തിക്കുകയുള്ളൂ. 130 എംബിയാണ് ബ്രൗസറിന്റെ സൈസ്. ഉപഭോക്താക്കൾക്ക് സാംസങ് അക്കൗണ്ട് ഉപയോഗിച്ച് സൈൻ ഇൻ ചെയ്യാവുന്നതാണ്. ഇതുവഴി കമ്പ്യൂട്ടറിലെയും ഫോണിലെയും ബ്രൗസറുകൾ തമ്മിൽ സിങ്ക് ചെയ്യാൻ സാധിക്കും. ബ്രൗസിംഗ് ഹിസ്റ്ററി, സേവ് ചെയ്ത സന്ദേശങ്ങൾ, തുറന്നു കിടക്കുന്ന ടാബുകൾ, ബുക്ക് മാർക്കുകൾ എന്നിവയാണ് സിങ്ക് ചെയ്യപ്പെടുക. അതേസമയം, പാസ്‌വേഡുകൾ സിങ്ക് ചെയ്യപ്പെടില്ലെന്ന് സാംസങ് വ്യക്തമാക്കി. പുതിയ അപ്ഡേറ്റ് എന്ന നിലയിൽ ഭാവിയിൽ ഈ ഫീച്ചർ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്.