ആഴ്ചകൾക്ക് ശേഷം വീണ്ടും കൂട്ടപ്പിരിച്ചുവിടലിന്റെ സൂചനകൾ നൽകി ആമസോൺ. ആമസോണിന്റെ ജനപ്രിയ വോയിസ് അസിസ്റ്റന്റ് സർവീസായ അലക്സയിൽ നിന്ന് നിരവധി ജീവനക്കാരെ പിരിച്ചുവിടാനാണ് കമ്പനിയുടെ തീരുമാനം. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകൾ കൂടുതൽ പ്രയോജനപ്പെടുന്നതിന്റെ ഭാഗമായാണ് ജീവനക്കാരെ പിരിച്ചുവിടുക എന്ന തീരുമാനത്തിലേക്ക് എത്തിയത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ആമസോൺ അലക്സ യൂണിറ്റിന്റെ വൈസ് പ്രസിഡന്റായ ഡാനിയേൽ റൗച് ഇമെയിൽ മുഖാന്തരം ജീവനക്കാരെ അറിയിച്ചിട്ടുണ്ട്.
അലക്സ യൂണിറ്റിലെ ഏകദേശം നൂറുകണക്കിന് തസ്തികകൾ ഒഴിവാക്കുകയും, ഈ മേഖലകളിലേക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിതമായ പ്രവർത്തനങ്ങൾ കൊണ്ടുവരാനുമാണ് ആമസോണിന്റെ നീക്കം. നിലവിൽ, എത്ര പേർക്ക് തൊഴിൽ പോകുമെന്നത് സംബന്ധിച്ച ഔദ്യോഗിക കണക്കുകൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാൽ, യുഎസ്, കാനഡ, ഇന്ത്യ എന്നിവിടങ്ങളിലെ ജീവനക്കാരെയാണ് പിരിച്ചുവിടൽ നടപടി കൂടുതലായി ബാധിക്കാൻ സാധ്യത.
ആഴ്ചകൾക്ക് മുൻപ് വിവിധ ഡിവിഷനുകളിലെ പിരിച്ചുവിടൽ നടപടികളെ കുറിച്ച് ആമസോൺ സൂചനകൾ നൽകിയിരുന്നു. മ്യൂസിക്, ഗെയിമിംഗ്, ഹ്യൂമൻ റിസോഴ്സ് വിഭാഗങ്ങളിൽ നിന്ന് കൂടുതൽ ജീവനക്കാരെ പുറത്താക്കാനാണ് ആമസോണിന്റെ നടപടി. ഈ തസ്തികകളെ കുറിച്ചുള്ള വിവരങ്ങളും ആമസോൺ ഇതുവരെ പുറത്തുവിട്ടിട്ടില്ല. അതേസമയം, കഴിഞ്ഞ വർഷം അവസാനവും, ഈ വർഷം ആദ്യവും 27,000-ലധികം ജീവനക്കാരെ ആമസോൺ പിരിച്ചുവിട്ടിരുന്നു.