150 എച്ച്ഡി സിനിമകൾ വരെ ഒറ്റ സെക്കന്റിൽ കൈമാറാം! ഏറ്റവും വേഗതയേറിയ ഇന്റർനെറ്റ് അവതരിപ്പിച്ച് ഈ രാജ്യം


അതിവേഗത്തിൽ വീഡിയോകളും ഓഡിയോകളും ഷെയർ ചെയ്യാൻ ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. ഇത്തരത്തിൽ ഡാറ്റ കൈമാറണമെങ്കിൽ ഇന്റർനെറ്റിനും അതിവേഗത ഉണ്ടായിരിക്കണം. ഇപ്പോഴിതാ ലോകത്തിലെ തന്നെ ഏറ്റവും വേഗതയേറിയ ഇന്റർനെറ്റ് അവതരിപ്പിച്ചിരിക്കുകയാണ് ചൈന. സെക്കന്റിൽ 1200 ജിബി ഡാറ്റ കൈമാറാൻ കഴിയുമെന്നാണ് ചൈന വാഗ്ദാനം ചെയ്യുന്നത്. അതായത്, 150 എച്ച്ഡി സിനിമകൾ വരെ ഒറ്റ സെക്കന്റിൽ കൈമാറാൻ കഴിയുമെന്ന് സാരം. സിർഹുവ സർവകലാശാല, ചൈന മൊബൈൽ, വാവേ ടെക്നോളജീസ്, സെർനെറ്റ് കോപ്പറേഷൻ എന്നിവ സംയുക്തമായാണ് അതിവേഗത്തിലുള്ള ഇന്റർനെറ്റ് വികസിപ്പിച്ചിരിക്കുന്നത്.

ആദ്യ ഘട്ടത്തിൽ ചൈനയിലെ ബെയ്ജിങ്, വുഹാൻ, ഗാങ്ഷോ എന്നീ 3 നഗരങ്ങളെ ബന്ധിപ്പിച്ചാണ് അതിവേഗ ഇന്റർനെറ്റ് സേവനം ലഭ്യമാക്കിയിട്ടുള്ളത്. ഒപ്റ്റിക്കൽ ഫൈബർ കേബിൾ ശൃംഖലയിലൂടെ സെക്കന്റിൽ 1.2 ടെറാബിറ്റ് ഡാറ്റ വരെ കൈമാറാൻ സാധിക്കും. നിലവിൽ, ലഭ്യമായിട്ടുള്ള ഏറ്റവും വേഗമേറിയ നെറ്റ്‌വർക്കുകൾക്ക് സെക്കന്റിൽ പരമാവധി 100 ജിബി മാത്രമാണ് വേഗത ഉള്ളത്. ചൈനയുടെ ഫ്യൂച്ചർ ഇന്റർനെറ്റ് ഇൻഫ്രാസ്ട്രക്ചർ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ ഇന്റർനെറ്റ് സേവനത്തിന് തുടക്കമിട്ടിരിക്കുന്നത്.