ചന്ദ്രനോട് അടുത്ത് ചന്ദ്രയാൻ-3: രണ്ടാം ഘട്ട ഭ്രമണപഥം ഇന്ന് താഴ്ത്തും


ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ-3 ന്റെ ഭ്രമണപഥം താഴ്ത്തൽ ഇന്ന്. രണ്ടാം ഘട്ട ഭ്രമണപഥം താഴ്ത്തലാണ് ഇന്ന് ഉച്ചയ്ക്ക് 1.00 മണിക്കും 2.00 മണിക്കും ഇടയിൽ നടക്കുക. ഇതോടെ, ചന്ദ്രനോട് അടുത്തുള്ള ഭ്രമണപഥത്തിലേക്ക് പേടകം പ്രവേശിക്കും. മൂന്നാം ഘട്ട ഭ്രമണപഥം താഴ്ത്തൽ ഓഗസ്റ്റ് 14-നും, നാലാം ഘട്ടം 16-നും നടക്കുന്നതാണ്. ഓഗസ്റ്റ് 6-നാണ് ഒന്നാം ഘട്ട ഭ്രമണപഥം താഴ്ത്തൽ വിജയകരമായി പൂർത്തിയാക്കിയത്.

ചന്ദ്രനിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ പേടകം പ്രവേശിച്ചതിനുശേഷമാണ് പ്രൊപ്പൽഷൽ മോഡ്യൂളും, ലാൻഡറും തമ്മിൽ വേർപെടുത്തുക. ഓഗസ്റ്റ് 17-നാണ് ഈ നിർണായക ഘട്ടം നടക്കുന്നത്. ചന്ദ്രോപരിതലത്തിൽ നിന്ന് 100 കിലോമീറ്റർ ഉയരത്തിൽ എത്തിയതിനുശേഷമായിരിക്കും സോഫ്റ്റ് ലാൻഡിംഗിനുള്ള നടപടികൾ ആരംഭിക്കുക. ചന്ദ്രന്റെ ഉപരിതലത്തിൽ 100 കിലോമീറ്റർ പരിധിയിൽ കൃത്യമായ വൃത്തത്തിൽ സഞ്ചരിക്കുന്നത് വരെ മറ്റു പ്രശ്നങ്ങളൊന്നും ഉണ്ടാകില്ലെന്നാണ് നിലവിലെ വിലയിരുത്തൽ. രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന സോഫ്റ്റ് ലാൻഡിംഗ് ഓഗസ്റ്റ് 23-നാണ് നടക്കുക.