വ്യാജ ആപ്പുകൾക്കെതിരെ ജാഗ്രതാ നിർദ്ദേശവുമായി ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി). ഐആർസിടിസിയുടെ പേരിൽ ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ വ്യാജ ആപ്പുകൾ പ്രചരിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി എത്തിയിരിക്കുന്നത്. കൂടാതെ, ഉപഭോക്താക്കളെ കെണിയിൽ വീഴ്ത്താൻ തട്ടിപ്പുകാർ പ്രത്യേക ക്യാമ്പയിൻ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും ഐആർസിടിസി വ്യക്തമാക്കി.
‘ഐആർസിടിസി റെയിൽ കണക്ട്’ എന്ന മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ പറയുന്ന തരത്തിലുള്ള ക്യാമ്പയിനാണ് ഉപഭോക്താക്കൾക്കിടയിൽ പ്രചരിക്കുന്നത്. കൂടാതെ, ആപ്പുകൾ ഡൗൺലോഡ് ചെയ്യാനുള്ള വ്യാജ ലിങ്കുകളും അയക്കുന്നുണ്ട്. ഇത്തരത്തിൽ സംശയം തോന്നുന്ന തരത്തിലുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്ത്, ചതിക്കുഴിയിൽ വീഴരുതെന്ന് റെയിൽവേ അധികൃതർ ഉപഭോക്താക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഐആർസിടിസിയുടേതെന്ന പേരിലുള്ള വ്യാജ ആപ്പുകളെ കുറിച്ചുള്ള വിവരങ്ങൾ ഇമെയിൽ മുഖാന്തരം അറിയിച്ചിട്ടുണ്ട്. കൂടാതെ, വ്യാജ ആപ്ലിക്കേഷന്റെ സ്ക്രീൻഷോട്ടും ഐആർസിടിസി പങ്കുവെച്ചിട്ടുണ്ട്. ഔദ്യോഗിക ആപ്പ് സ്റ്റോറുകൾ, ഗൂഗിൾ പ്ലേ സ്റ്റോറുകൾ, ആപ്പിൾ സ്റ്റോർ എന്നിവയിൽ നിന്ന് മാത്രമാണ് ഐആർസിടിസി ആപ്പ് ഡൗൺലോഡ് ചെയ്യാൻ പാടുള്ളൂ. ലിങ്ക് മുഖാന്തരം ലഭിക്കുന്ന ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്ന പ്രവണത പൂർണമായും ഇല്ലാതാക്കേണ്ടതാണ്.