ബഹിരാകാശ യാത്രികർ മരിച്ചാൽ മൃതദേഹം എന്തുചെയ്യണം, പ്രത്യേക പ്രോട്ടോകോൾ പുറത്തിറക്കി നാസ


ചന്ദ്രനിലേക്കും, ചൊവ്വയിലേക്കുള്ള യാത്രാമധ്യേ യാത്രികർ മരണപ്പെടുകയാണെങ്കിൽ മൃതദേഹം എന്തുചെയ്യണമെന്ന നിർദ്ദേശവുമായി എത്തിയിരിക്കുകയാണ് നാസ. ചാന്ദ്ര, ചൊവ്വാ ദൗത്യങ്ങൾക്ക് തയ്യാറെടുക്കുന്ന വേളയിലാണ് ഇതുമായി ബന്ധപ്പെട്ട പ്രത്യേക പ്രോട്ടോകോൾ നാസ പുറത്തിറക്കിയത്. ചന്ദ്രനിലെക്കോ ചൊവ്വയിലെക്കോ ഉള്ള യാത്രയ്ക്കിടെയാണ് മരിക്കുന്നതെങ്കിൽ രണ്ട് തരത്തിലാണ് മൃതദേഹങ്ങൾ സൂക്ഷിക്കുന്നത്.

ചന്ദ്രനിൽ മരണം സംഭവിക്കുകയാണെങ്കിൽ, ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ മൃതദേഹവുമായി ബഹിരാകാശ യാത്രികർക്ക് ഭൂമിയിലേക്ക് മടങ്ങാൻ സാധിക്കും. പെട്ടെന്ന് ഭൂമിയിലേക്ക് മടങ്ങിയെത്താൻ സാധിക്കുമെന്നതിനാൽ, മൃതദേഹത്തിന്റെ സംരക്ഷണത്തിന് പ്രത്യേക പ്രാധാന്യം നൽകുന്നില്ല. എന്നാൽ, ശേഷിക്കുന്ന യാത്രക്കാരെ സുരക്ഷിതമായി ഭൂമിയിൽ എത്തിക്കാനാണ് കൂടുതൽ മുൻഗണന നൽകുക.

ചൊവ്വയിലേക്കുള്ള യാത്രാമധ്യേ 300 ദശലക്ഷം മൈൽ അകലെ വച്ചാണ് മരണം സംഭവിക്കുന്നതെങ്കിൽ, ക്രൂ അംഗങ്ങൾക്ക് മടങ്ങാൻ സാധിക്കുകയില്ല. ദൗത്യം പൂർത്തിയാക്കിയതിന് ശേഷം മാത്രമാണ് മൃതദേഹവും ഭൂമിയിലേക്ക് എത്തുകയുള്ളൂ. ഇതിനിടയിൽ മറ്റ് യാത്രികർ മൃതദേഹം പ്രത്യേക അറയിലോ, ബോഡി ബാഗിലോ സൂക്ഷിക്കേണ്ടതാണ്. ബഹിരാകാശ വാഹനത്തിനുള്ളിലെ സ്ഥിരമായ താപനിലയും, ഈർപ്പവും മൃതദേഹത്തെ സംരക്ഷിക്കാൻ സഹായിക്കുന്നതാണ്.

ചന്ദ്രനും ചൊവ്വയ്ക്കും പുറമേ, അന്തർദേശീയ ബഹിരാകാശ നിലയത്തിലേത് പോലെയുള്ള ലോ-എർത്ത്-ഓർബിറ്റ് ദൗത്യത്തിനിടെ ആരെങ്കിലും മരിക്കുകയാണെങ്കിൽ, മണിക്കൂറുകൾക്കുള്ളിൽ തന്നെ ക്രൂവിന് മൃതദേഹം ഒരു ക്യാപ്സൂളിലാക്കി ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാൻ കഴിയുന്നതാണ്. മനുഷ്യ ബഹിരാകാശ പര്യവേക്ഷണം ആരംഭിച്ചത് മുതൽ ഇതുവരെ 20 യാത്രികരാണ് മരിച്ചിട്ടുള്ളത്.