രാജ്യത്ത് ലാപ്ടോപ്പ്, കമ്പ്യൂട്ടർ എന്നിവയുടെ ഇറക്കുമതിയിൽ നിയന്ത്രണം ഏർപ്പെടുത്തുന്നു, ഉത്തരവിറക്കി കേന്ദ്രസർക്കാർ


രാജ്യത്ത് ലാപ്ടോപ്പുകൾ, കമ്പ്യൂട്ടറുകൾ, ടാബ്‌ലറ്റുകൾ തുടങ്ങിയ ഉപകരണങ്ങളുടെ ഇറക്കുമതിയിൽ നിയന്ത്രണം ഏർപ്പെടുത്താൻ ഒരുങ്ങി കേന്ദ്രസർക്കാർ. HSN 8741-ന് കീഴിൽ ഉൾപ്പെട്ടിട്ടുള്ള അൾട്രാ സ്മോൾ ഫാം ഫാക്ടർ കമ്പ്യൂട്ടറുകൾ, സെർവറുകൾ തുടങ്ങിയവയുടെ ഇറക്കുമതിക്കും നിയന്ത്രണങ്ങൾ ബാധകമാണ്. ഇത് സംബന്ധിച്ചുള്ള ഉത്തരവ് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. മേക്ക് ഇൻ ഇന്ത്യ പദ്ധതി പ്രോത്സാഹിപ്പിക്കാനാണ് പുതിയ തീരുമാനമെന്നാണ് സൂചന.

ഓൺലൈൻ പോർട്ടൽ കൊറിയർ വഴിയും പോസ്റ്റ് വഴിയും ലാപ്‌ടോപ്പോ ടാബ്‌ലറ്റോ പേഴ്‌സണൽ കമ്പ്യൂട്ടറോ ഇറക്കുമതി ചെയ്യാൻ അനുവദിക്കും. വ്യക്തിഗത ഉപയോഗത്തിനും, ഗവേഷണത്തിനും ലാപ്ടോപ്പുകൾ, കമ്പ്യൂട്ടറുകൾ തുടങ്ങിയവ വാങ്ങുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്ന് വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യൻ വിപണിയിൽ ഡെൽ, ഏസർ, സാംസംഗ്, എൽജി, പാനാസോണിക്, ആപ്പിൾ, ലെനോവോ, എച്ച്പി തുടങ്ങിയ കമ്പനികളാണ് ലാപ്ടോപ്പുകൾ ഇറക്കുമതി ചെയ്യുന്നത്. ഇവയിൽ ഗണ്യമായ ഭാഗവും ചൈനയിൽ നിന്നാണ് എത്തുന്നത്.