ഇന്ന് ഭൂരിഭാഗം ആളുകളുടെയും നിത്യജീവിതത്തിന്റെ ഭാഗമാണ് സ്മാർട്ട്ഫോണുകൾ. വെറുമൊരു ഇലക്ട്രോണിക് ഉപകരണം എന്നതിലുപരി, നമ്മുടെ എല്ലാ വ്യക്തിഗത വിവരങ്ങളും സ്മാർട്ട്ഫോണുകളിലാണ് സൂക്ഷിക്കാറുള്ളത്. ഇവയിൽ ആധാർ അടക്കമുള്ള ഔദ്യോഗിക രേഖകളും ഉൾപ്പെടാറുണ്ട്. എന്നാൽ, ഇത്തരത്തിലുള്ള പ്രധാന വിവരങ്ങൾ കവരാൻ നമുക്കുചുറ്റും ഹാക്കർമാരും ഒളിഞ്ഞിരിപ്പുണ്ട്. അതിനാൽ, ഫോണിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്. ഏതൊക്കെ മാർഗ്ഗങ്ങളിലൂടെയാണ് സ്മാർട്ട്ഫോൺ സുരക്ഷിതമായി ഉപയോഗിക്കേണ്ടതെന്ന് അറിയാം.
സ്മാർട്ട്ഫോണുകളിൽ വെബ് ആക്ടിവിറ്റി ഓൺ ആയിട്ടുണ്ടെങ്കിൽ, നമ്മുടെ പ്രവർത്തനങ്ങൾ എല്ലാം ഫോൺ ചോർത്തി എടുക്കുന്നുണ്ടെന്നാണ് അർത്ഥം. അതിനാൽ, വെബ് ആക്ടിവിറ്റി ഓഫ് ആണെന്ന് ഉറപ്പുവരുത്തുക. ഇവ ഓൺ ആയിരിക്കുന്നത് ഹാക്കിംഗിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. പലപ്പോഴും വിവിധ പാസ്‌വേഡുകൾ എളുപ്പത്തിൽ ഓർത്തെടുക്കാനായി ചാറ്റുകളിലോ, മറ്റോ സൂക്ഷിച്ചു വയ്ക്കാറുണ്ട്. കൂടാതെ, പാസ്‌വേഡ് ബ്രൗസറിൽ സേവ് ചെയ്ത് വയ്ക്കുന്നവരുടെ എണ്ണവും കുറവല്ല. ഈ പ്രവണത പരമാവധി കുറയ്ക്കേണ്ടതാണ്. പാസ്‌വേഡ് ബ്രൗസറിൽ സേവ് ചെയ്യുന്നതിന് പകരം, പാസ്‌വേഡ് മാനേജർ ആപ്പുകളുടെ സഹായം തേടാവുന്നതാണ്.
യുപിഐ, ഹെൽത്ത് ആപ്പുകൾ, ഗ്യാലറി, ഷോപ്പിംഗ് ആപ്പുകൾ എന്നിവയ്ക്കെല്ലാം ലോക്ക് ഉപയോഗിക്കുക. കൂടാതെ, എല്ലാ പ്ലാറ്റ്ഫോമുകൾക്കും ഒരേ പാസ്‌വേഡ് നൽകുന്ന ശീലവും ഒഴിവാക്കേണ്ടതാണ്. പരമാവധി ബയോമെട്രിക് ലോക്ക് നൽകുന്നതാണ് ഉത്തമം. ആപ്പുകൾക്ക് പുറമേ, ഫോണുകൾക്കും ലോക്ക് നിർബന്ധമാണ്. ഇതിനായി ആൻഡ്രോയിഡ് ഇൻ-ബിൽറ്റ് സെക്യൂരിറ്റി ഫീച്ചറുകൾ ഉപയോഗിച്ചുള്ള പാസ്‌വേഡുകൾ നൽകുന്നത് ശ്രദ്ധിക്കുക. എല്ലാ മാസവും ഫോണിലെ ഡാറ്റ ബാക്കപ്പ് ചെയ്യാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ ഫോണിലെ ഡാറ്റ മോഷ്ടിക്കപ്പെട്ടിട്ടില്ലെന്ന് സ്ഥിരീകരിക്കാനാകും.