ഐപിഎസ് ഉദ്യോഗസ്ഥൻ എന്ന പേരിൽ വ്യാജ ഫോൺ കോൾ, ഗുരുഗ്രാം സ്വദേശിനിക്ക് നഷ്ടമായത് ലക്ഷങ്ങൾ


സാങ്കേതികവിദ്യയുടെ വളർച്ചക്ക് അനുപാതികമായി ഓൺലൈൻ തട്ടിപ്പ് കേസുകളുടെ എണ്ണവും അനുദിനം വർദ്ധിക്കുകയാണ്. നിരപരാധികളെ കബളിപ്പിച്ച് പണം തട്ടുന്ന കേസുകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നത്. എൻസിബി, ഐപിഎസ്, പോലീസുകാർ തുടങ്ങി ഉന്നതതല ഉദ്യോഗസ്ഥരുടെ വേഷം കെട്ടിയാണ് ഇക്കുറി തട്ടിപ്പുകാർ വല വിരിച്ചിരിക്കുന്നത്. ഇത്തരത്തിൽ ഐപിഎസ് ഉദ്യോഗസ്ഥൻ എന്ന പേരിൽ വ്യാജ ഫോൺ കോൾ നടത്തിയതോടെ ഗുരുഗ്രാം സ്വദേശിനിക്ക് നഷ്ടമായത് 8.3 ലക്ഷം രൂപയാണ്.

ഗുരുഗ്രാമിലെ ഹൗസിംഗ് ബോർഡ് സൊസൈറ്റിയിലെ താമസക്കാരിയായ പ്രചി ശർമ എന്ന യുവതിക്കാണ് അജ്ഞാത ഫോൺ കോൾ ലഭിച്ചതോടെ ലക്ഷങ്ങൾ നഷ്ടമായത്. മുംബൈയിലെ ക്രൈംബ്രാഞ്ച് ഓഫീസർമാരെന്ന് സ്വയം പരിചയപ്പെടുത്തിയാണ് യുവതിയുടെ ഫോണിലേക്ക് കോൾ എത്തിയത്. യുവതിയുടെ പേരിൽ എയർപോർട്ടിൽ നിന്ന് കണ്ടുകെട്ടിയ ഒരു പാഴ്സലിനെ കുറിച്ചാണ് അറിയിച്ചത്. പാഴ്സലിൽ മയക്കുമരുന്ന്, വിദേശ കറൻസി എന്നിവ ഉണ്ടെന്നും, ഇത് സംബന്ധിച്ച അന്വേഷണം നടക്കുന്നുണ്ടെന്നും അവർ യുവതിയോട് പറഞ്ഞു.

ഉടനടി സംശയം തോന്നിയ യുവതി കോളറോട് അവരുടെ ഐഡന്റിറ്റിയെക്കുറിച്ച് അന്വേഷിച്ചെങ്കിലും, വ്യാജ വിവരങ്ങളാണ് നൽകിയത്. തിരിച്ചറിയൽ രേഖകൾ ഒറിജിനൽ ആണെന്ന് യുവതിയെ തെറ്റിദ്ധരിപ്പിച്ച ശേഷമാണ് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൈകലാക്കിയത്. മയക്കുമരുന്ന് കടത്തൽ, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കേസുകളിൽ നിന്ന് യുവതിയെയും കുടുംബത്തെയും ഒഴിവാക്കുന്നതിന് 8.4 ലക്ഷം രൂപയാണ് തട്ടിപ്പുകാർ ആവശ്യപ്പെട്ടത്. വിവിധ ആരോപണങ്ങളെ ഭയന്ന് തുക കൈമാറിയതോടെയാണ് തട്ടിപ്പ് വിവരം യുവതി മനസിലാക്കിയത്. ഇത് സംബന്ധിച്ച് യുവതി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.