മാര്‍ച്ചില്‍ ഇന്ത്യയില്‍ പൂട്ടിയത് 47 ലക്ഷത്തിലേറെ വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍

ഇന്‍സ്റ്റന്റ് മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്ട്സ്ആപ്പ് ലക്ഷക്കണക്കിന് അക്കൗണ്ടുകള്‍ നിരോധിച്ചു. ഉപയോക്തൃ സുരക്ഷാ റിപ്പോര്‍ട്ട് പ്രകാരം മാര്‍ച്ച് മാസത്തില്‍ 47 ലക്ഷത്തിലധികം അക്കൗണ്ടുകള്‍ നിരോധിച്ചു. ഫെബ്രുവരിയിലേതിനേക്കാള്‍ കൂടുതലാണിത്. നേരത്തെ ഫെബ്രുവരിയില്‍ 45 ലക്ഷവും ജനുവരിയില്‍ 29 ലക്ഷവും ഡിസംബറില്‍ 37 ലക്ഷവും അക്കൗണ്ടുകള്‍ നിരോധിച്ചിരുന്നു. പുതിയ ഗ്രീവന്‍സ് കമ്മിറ്റി നല്‍കിയ മൂന്ന് പുതിയ ഉത്തരവുകളും തങ്ങള്‍ പാലിക്കുന്നുണ്ടെന്ന് കമ്പനി അറിയിച്ചു.മാര്‍ച്ചില്‍ നിരോധിച്ച വാട്ട്സ്ആപ്പ് അക്കൗണ്ടുകള്‍ക്കൊപ്പം  ഉപയോക്താക്കളുടെ പരാതികള്‍, പരാതികളില്‍ സ്വീകരിച്ച നടപടികള്‍ എന്നിവ അടക്കം റിപ്പോര്‍ട്ടിലുണ്ട്.

പുതിയ നിയമങ്ങള്‍ പ്രകാരം നിരോധനം

പുതിയ ഐടി നിയമത്തിന് കീഴില്‍ വാട്ട്സ്ആപ്പ് എല്ലാ മാസവും ഉപയോക്താക്കളുടെ സുരക്ഷാ റിപ്പോര്‍ട്ട് നല്‍കുന്നുണ്ട്. ഉപയോക്താക്കളുടെ സുരക്ഷയ്ക്ക് വേണ്ടി സ്വീകരിച്ച എല്ലാ നടപടികളെക്കുറിച്ചും ഈ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.+91 കോഡ് ഉപയോഗിച്ചാണ് ഇന്ത്യന്‍ നമ്പറുകള്‍ തിരിച്ചറിയുന്നത്.റിപ്പോര്‍ട്ട് അനുസരിച്ച്, 2023 മാര്‍ച്ച് 1 നും 2023 മാര്‍ച്ച് 31 നും ഇടയില്‍ മൊത്തം 4,715,906 അക്കൗണ്ടുകള്‍ നിരോധിച്ചിട്ടുണ്ട്.ഇതില്‍ 1,659,385 അക്കൗണ്ടുകള്‍ ഏതെങ്കിലും ഉപയോക്താവിന്റെ പരാതിക്ക് മുമ്പ് തന്നെ നിരോധിച്ചതാണ്.

എല്ലാ മാസവും റിപ്പോര്‍ട്ടുകള്‍ നല്‍കും

ഏറ്റവും പുതിയ സുരക്ഷാ റിപ്പോര്‍ട്ട് പ്രകാരം മാര്‍ച്ച് മാസത്തില്‍ 4720 പരാതികള്‍ റിപ്പോര്‍ട്ട് ചെയ്തതായും 585 അക്കൗണ്ടുകളില്‍ നടപടി സ്വീകരിച്ചതായും പറയുന്നു.പുതിയ ഐടി നിയമങ്ങള്‍ പ്രകാരം 5 ദശലക്ഷത്തിലധികം ഉപയോക്താക്കളുള്ള ഏതൊരു സോഷ്യല്‍ പ്ലാറ്റ്ഫോമും ഇത്തരം റിപ്പോര്‍ട്ട് നല്‍കേണ്ടതുണ്ട്. ഈ റിപ്പോര്‍ട്ടില്‍ ഉപയോക്താക്കളുടെ പരാതിയെക്കുറിച്ചും അതിന്മേല്‍ സ്വീകരിച്ച നടപടികളെക്കുറിച്ചും വിവരമുണ്ട്.കഴിഞ്ഞ കുറച്ച് കാലമായി തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കല്‍, വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കല്‍, വിദ്വേഷ പ്രസംഗം തുടങ്ങിയ ഉള്ളടക്കം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വര്‍ദ്ധിച്ച് വരികയാണ്.ഇതിനായി ഗ്രീവന്‍സ് ഓഫീസറെയും സമിതിയെയും ഐടി ചട്ടങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.