കേംബ്രിഡ്ജ് അനലറ്റിക കേസ് ഒത്തുതീർപ്പിലെത്താൻ ഉപഭോക്താക്കൾക്ക് വൻ തുക നഷ്ടപരിഹാരം നൽകാൻ ഒരുങ്ങി ആഗോള ടെക് ഭീമനായ മെറ്റ. റിപ്പോർട്ടുകൾ പ്രകാരം, 2007 മെയ് 24- നും, 2022 ഡിസംബർ 22നും ഇടയിൽ ഫെയ്സ്ബുക്ക് അക്കൗണ്ട് സജീവമായി ഉപയോഗിച്ചിരുന്ന, കേസുമായി ബന്ധപ്പെട്ട ഉപഭോക്താക്കൾക്ക് നിശ്ചിത തുക അക്കൗണ്ടിൽ ലഭിക്കാനുള്ള അവസരമാണ് മെറ്റ ഒരുക്കുന്നത്. കേസ് ഒത്തുതീർപ്പാകാൻ ഉപഭോക്താക്കൾക്ക് 72.5 കോടി ഡോളറാണ് മെറ്റ വാഗ്ദാനം ചെയ്യുന്നത്.
യുഎസിലെ ഫേസ്ബുക്ക് ഉപഭോക്താക്കൾക്ക് മാത്രമാണ് ഈ തുകയുടെ ഒരു പങ്ക് ലഭിക്കുക. തുക അവകാശപ്പെടാൻ യോഗ്യരായവർക്ക് ഓഗസ്റ്റ് 27 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഫേസ്ബുക്കിലെ 8.7 കോടി ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ പ്രമുഖ അനലിറ്റിക് സ്ഥാപനമായ കേംബ്രിഡ്ജ് അനലറ്റിക്കയ്ക്ക് അനധികൃതമായി ലഭ്യമാക്കിയ കേസാണ് ഒത്തുതീർപ്പാക്കുന്നത്. 2018- ലാണ് ഈ കേസ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ആളിപ്പടർന്നത്. മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് ആവശ്യമായ സഹായം ചെയ്തിരുന്ന സ്ഥാപനം കൂടിയാണ് കേംബ്രിഡ്ജ് അനലറ്റിക.