മൃഗഡോക്ടർക്ക് പോലും തിരിച്ചറിയാനായില്ല! നായയുടെ ജീവൻ രക്ഷിച്ച് ചാറ്റ് ജിപിടി

ആർട്ടിഫിഷ്യൽ ഇന്റലിജൻസിലെ ക്രിയേറ്റീവ് പ്ലാറ്റ്‌ഫോമാണ് ചാറ്റ് ജിപിടി. കഴിഞ്ഞ കുറച്ചു നാളായി വാർത്തകളിൽ ചാറ്റ് ജിപിടി നിറഞ്ഞ് നിൽക്കുന്നു. മനുഷ്യനെ പോലെ എഴുതാനും വായിക്കാനും ചാറ്റുചെയ്യാനുമെല്ലാം സാധിക്കുന്ന നിർമ്മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള സാങ്കേതിക വിദ്യയാണ് ചാറ്റ് ജിപിടി. ജനറേറ്റീവ് പ്രീ ട്രെയ്ൻഡ് ട്രാൻസ്‌ഫോർമർ എന്നാണ് ജിപിടിയുടെ പൂർണ്ണരൂപം.

ഇപ്പോഴിതാ ചികിത്സാ രംഗത്തെ ഡോക്ടർമാർക്ക് പോലും കണ്ടെത്താൻ സാധിക്കാത്ത ചില കാര്യങ്ങൾ ചാറ്റ് ജിഡിപി വഴി കണ്ടെത്തിയിരിക്കുകയാണ്. വളർത്തുനായയുടെ രോഗം എന്താണെന്ന് കണ്ടെത്തുന്നതിൽ വെറ്റിനറി ഡോക്ടർമാർ പരാജയപ്പെട്ടപ്പോഴാണിത്. ട്വിറ്റർ ഉപയോക്താവായ കൂപ്പർ എന്നയാളാണ് ചാറ്റ് ജിപിടിയുടെ കണ്ടെത്തലിനെ കുറിച്ച് പങ്കുവെച്ചിരിക്കുന്നത്.

തന്റെ വളർത്തുനായയായ സാസിയ്ക്ക് അസുഖം വന്നപ്പോൾ പല വെറ്റിനറി ഡോക്ടർമാരേയും കാണിച്ചു. ഫലമുണ്ടായില്ലെന്നും പിന്നാലെ ചാറ്റ് ജിപിടിയിൽ രോഗലക്ഷണങ്ങൾ കാണിച്ച് നോക്കി. ചാറ്റ് ജിപിടി കൃത്യമായ പരിഹാരം നിർദ്ദേശിച്ചുവെന്നും അത് പിന്തുടർന്നപ്പോൾ നായയുടെ അസുഖം ഭേദമായെന്നും ഉപയോക്താവ് പറയുന്നു. നായയ്ക്ക് ടിക് ബോൺ രോഗം ആയിരുന്നു.

സാസിയുടെ രക്തചംക്രമണവും രോഗലക്ഷണങ്ങളും അവസ്ഥയും ഹീമോലിറ്റിക് അനീമിയയെ  സൂചിപ്പിക്കുമെന്ന് ചാറ്റ് ജിപിടിയാണ് പറഞ്ഞു തന്നത്. പുതിയ വിവരങ്ങളോടെകൂപ്പർ മറ്റൊരു മൃഗഡോക്ടറെ സമീപിച്ചു. അദ്ദേഹം രോഗനിർണയം സ്ഥിരീകരിക്കുകയും സാസിയെ ഉചിതമായ രീതിയിൽ ചികിത്സിക്കുകയും ചെയ്തു. പെട്ടെന്നുള്ള രോഗനിർണയത്തിനും ചികിത്സയ്ക്കും നന്ദി പറഞ്ഞു കൊണ്ടാണ് ട്വീറ്റ് അവസാനിക്കുന്നത്.