കേരളത്തിലെ കൂടുതൽ നഗരങ്ങളിലേക്ക് ട്രൂ 5ജി സേവനങ്ങൾ വ്യാപിപ്പിച്ച് ജിയോ, 5ജി എത്തിയ നഗരങ്ങൾ ഏതൊക്കെയെന്ന് അറിയാം
രാജ്യത്തുടനീളം അതിവേഗത്തിൽ 5ജി സേവനങ്ങൾ വിന്യസിക്കുന്ന ടെലികോം സേവന ദാതാക്കളാണ് റിലയൻസ് ജിയോ. ഇത്തവണ കേരളത്തിലെ കൂടുതൽ നഗരങ്ങളിലേക്കും ജിയോ ട്രൂ 5ജി സേവനങ്ങൾ എത്തിച്ച് മുന്നേറ്റം തുടരുകയാണ്. റിപ്പോർട്ടുകൾ പ്രകാരം, കേരളത്തിലെ 21 നഗരങ്ങളിൽ കൂടി ജിയോ 5ജി സേവനങ്ങൾ എത്തിയിരിക്കുകയാണ്. ഇതോടെ, തളിപ്പറമ്പ്, നെടുമങ്ങാട്, കാഞ്ഞങ്ങാട്, തിരുവല്ല, തലശ്ശേരി, കൊടുങ്ങല്ലൂർ, ആറ്റിങ്ങൽ, മൂവാറ്റുപുഴ, ചങ്ങനാശ്ശേരി, ആലപ്പുഴ, പാലക്കാട്, കോട്ടയം, കൊല്ലം, ചേർത്തല, മലപ്പുറം, കണ്ണൂർ, തൃശ്ശൂർ, ഗുരുവായൂർ, കോഴിക്കോട്, തിരുവനന്തപുരം, കൊച്ചി നഗരങ്ങളിൽ ഉള്ളവർക്ക് ജിയോ 5ജി സേവനം ആസ്വദിക്കാൻ സാധിക്കും.
2023 ഡിസംബറോടെ രാജ്യത്തെ മുഴുവൻ നഗരങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും 5ജി സേവനങ്ങൾ എത്തിക്കാനുള്ള ശ്രമങ്ങൾ ജിയോ നടത്തുന്നുണ്ട്. 2023-ൽ തന്നെ മുഴുവൻ ഇന്ത്യക്കാർക്കും 5ജി സാങ്കേതികവിദ്യയുടെ നേട്ടങ്ങൾ ലഭ്യമാക്കുക എന്നതാണ് ജിയോയുടെ ലക്ഷ്യം. ആദ്യ ഘട്ടത്തിൽ തന്നെ വരിക്കാരെ പിടിച്ചു നിർത്തുക എന്നതിന്റെ ഭാഗമായാണ് ജിയോ അതിവേഗത്തിൽ 5ജി സേവനം ഉറപ്പുവരുത്തുന്നത്. 5ജി സേവനം ലഭിക്കുന്നതിനായി, 5ജി പിന്തുണയ്ക്കുന്ന ഫോണിൽ പോസ്റ്റ്പെയ്ഡ് കണക്ഷനോ, അടിസ്ഥാന പ്രീപെയ്ഡ് റീചാർജായ 239 രൂപയോ അതിനു മുകളിലോ റീചാർജ് ചെയ്താൽ മതി. 5ജി സേവനങ്ങൾക്ക് സിം കാർഡുകൾ മാറ്റേണ്ടെന്ന് ജിയോ അറിയിച്ചിട്ടുണ്ട്.