യുകെയിൽ അവതരിപ്പിക്കാനിരിക്കുന്ന ഓൺലൈൻ സേഫ്റ്റി ബില്ലിനെതിരെ നിലപാട് കടുപ്പിച്ച് ജനപ്രിയ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. റിപ്പോർട്ടുകൾ പ്രകാരം, യുകെയിൽ പുതുതായി അവതരിപ്പിക്കുന്ന ബില്ലിൽ എന്റ്- ടു- എന്റ് എൻക്രിപ്ഷൻ സേവനം ദുർബലമാക്കാൻ സമ്മർദ്ദം ഉണ്ടായാൽ രാജ്യത്തെ സേവനം അവസാനിപ്പിക്കുമെന്നാണ് വാട്സ്ആപ്പ് അറിയിച്ചിരിക്കുന്നത്. വാട്സ്ആപ്പ് മേധാവി വിൽ കാത്ത്കാർട്ടാണ് ഇത് സംബന്ധിച്ച് വിവരങ്ങൾ അറിയിച്ചത്. മെസേജുകൾക്കും, കോളുകൾക്കും വാട്സ്ആപ്പ് എന്റ്- ടു- എന്റ് എൻക്രിപ്ഷൻ സേവനം ഉറപ്പുവരുത്തുന്നുണ്ട്.
കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ഉള്ളടക്കങ്ങളുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ പരിശോധിക്കുവാൻ ഔദ്യോഗികമായ ഒരു സാങ്കേതികവിദ്യയുടെ സഹായം പ്രയോജനപ്പെടുത്തണമെന്ന് ഓൺലൈൻ സേഫ്റ്റി ബിൽ നിർദ്ദേശിക്കുന്നുണ്ട്. അതേസമയം, വാട്സ്ആപ്പ് എന്റ്- ടു- എന്റ് എൻക്രിപ്ഷൻ ഉറപ്പുവരുത്തുന്നതിനാൽ ഇത്തരം ഉള്ളടക്കം പരിശോധിക്കാൻ സാധിക്കുകയില്ല. അതിനാൽ, എന്റ്- ടു- എന്റ് എൻക്രിപ്ഷൻ സംവിധാനം ഭേദിക്കാതെ പുതിയ പരീക്ഷണങ്ങൾ സാധ്യമല്ലെന്നാണ് സുരക്ഷാ ഗവേഷകരുടെ നിലപാട്.