ടോസിൽ ഭാഗ്യം ഓസ്ട്രേലിയക്ക്; ഇന്ത്യക്ക് ബാറ്റിങ്| icc world cup 2023 india vs australia final australia opt to bowl first against india – News18 Malayalam
അഹമ്മദാബാദ്: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ലോകകപ്പ് ഫൈനലിൽ ടോസില്‍ ഭാഗ്യം കങ്കാരുപ്പടയ്ക്ക്. ടോസ് നേടി ഓസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു. ഇന്ത്യ, ഓസീസ് ടീമുകൾ ടീമിൽ മാറ്റം വരുത്തിയിട്ടില്ല. ഇരു ടീമുകളും സെമി കളിച്ച ടീമിനെ തന്നെ നിലനിർത്തി. സെമിയടക്കം പത്തില്‍ പത്ത് വിജയങ്ങളുടെ ആധികാരികതയുമായി ഇന്ത്യ നില്‍ക്കുമ്പോള്‍ തുടക്കത്തില്‍ രണ്ട് മത്സരങ്ങള്‍ തോറ്റ് ആരംഭിക്കേണ്ടി വന്ന ഓസീസ് പടിപടിയായി മികവിലേക്ക് എത്തുകയായിരുന്നു. ഇരു ടീമുകളും നിലവില്‍ മികച്ച ഫോമിലാണ്.
ഇന്ത്യ മൂന്നാം കിരീടവും ഓസ്‌ട്രേലിയ ആറാം കിരീടവുമാണ് ലക്ഷ്യമിടുന്നത്. ഇന്ത്യക്കിത് നാലാം ഫൈനലാണ്. ഓസ്‌ട്രേലിയക്ക് എട്ടാമത്തേതും. 1983, 2011 വര്‍ഷങ്ങളിലാണ് ഇന്ത്യയുടെ രണ്ട് കിരീട നേട്ടങ്ങള്‍. 2003ല്‍ ഫൈനല്‍ കളിച്ചെങ്കിലും ഓസീസിനോട് തോറ്റു. ആ കണക്ക് 20 വര്‍ഷങ്ങള്‍ക്കിപ്പുറം തീര്‍ക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ.
1975ല്‍ ഓസ്‌ട്രേലിയ പ്രഥമ ലോകകപ്പിന്റെ ഫൈനലില്‍ കളിച്ചെങ്കിലും അന്ന് വെസ്റ്റിന്‍ഡീസിനോട് പരാജയപ്പെട്ടു. 1987ല്‍ ഫൈനലിലെത്തി കിരീടം സ്വന്തമാക്കി. 1996ല്‍ വീണ്ടും ഫൈനലില്‍. അന്ന് ശ്രീലങ്കയോടു തോല്‍വി. പിന്നീട് 1999, 2003, 2007 വര്‍ഷങ്ങളില്‍ തുടരെ കിരീടം. അതിനു വിരാമമിട്ടത് ഇന്ത്യ. 2011ല്‍ കിരീടം ധോണിയും സംഘവും നേടി. 2015ല്‍ ഓസ്‌ട്രേലിയ കിരീടം തിരികെ പിടിച്ചു.
ടീം ഇന്ത്യ; രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്
ടീം ഓസ്‌ട്രേലിയ: ട്രാവിസ് ഹെഡ്, ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, സ്റ്റീവ് സ്മിത്ത്, മാര്‍നസ് ലബൂഷെയ്ന്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, ജോഷ് ഇംഗ്ലിസ്, മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, ആദം സാംപ, ജോഷ് ഹെയ്‌സല്‍വുഡ്